കൊല്‍ക്കത്ത: അമ്മയുമായി അടുപ്പം പുലർത്തിയ 56-കാരനെ കൗമാരക്കാരൻ കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ 17-കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതിയായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ഫോണും സ്വർണമാലയും മോതിരവും പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനർജി(56)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്തിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ ഒരുഭാഗം ചോരയില്‍ കുതിർന്ന കിടക്കയിലും മുഖം ഉള്‍പ്പെടെയുള്ള ഭാഗം മുറിയിലെ തറയില്‍ കമിഴ്ന്നുകിടക്കുന്നനിലയിലുമായിരുന്നു.
ഇൻഷുറൻസ് ഏജന്റായിരുന്ന അഭിജിത് ബാനർജിക്ക് നിലവില്‍ റെന്റ് എ കാർ ബിസിനസായിരുന്നു. ഇതിനൊപ്പം പ്രാവുവളർത്തലും വില്‍പ്പനയുമുണ്ടായിരുന്നു.
കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാൻ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.
ഫോണ്‍വിളിച്ചിട്ടും മറുപടിയില്ലാത്തതിനാല്‍ ഇയാള്‍ മുകള്‍നിലയിലെ മുറിയിലെത്തി. എന്നാല്‍ വാതില്‍ പൂട്ടിയിട്ടനിലയിലായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന അഭിജിത്തിന്റെ സഹോദരിയെ വിവരമറിയിച്ചു.
തുടർന്ന് അയല്‍ക്കാരും മറ്റുള്ളവരും വാതില്‍ തകർത്ത് അകത്തുകടന്നതോടെയാണ് അഭിജിത്തിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ മൊബൈല്‍ഫോണും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടമായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊലയാളിയോ സ്ഥിരംകുറ്റവാളിയോ അല്ലെന്ന് പോലീസ് നടത്തിയ പ്രാഥമികപരിശോധനയില്‍ വ്യക്തമായിരുന്നു. തുടർന്ന് അഭിജിത്തിന്റെ മോഷണംപോയ മൊബൈല്‍ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ അന്വേഷണത്തിലാണ് 17-കാരൻ പിടിയിലായത്. പ്രതിയായ 17-കാരനെ വീട്ടിലെത്തി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അഭിജിത്തിന്റെ മൊബൈല്‍ഫോണും സ്വർണാഭരണങ്ങളും 17-കാരനില്‍നിന്ന് പോലീസ് കണ്ടെടുക്കുകയുംചെയ്തു.
അഭിജിത് ബാനർജിക്ക് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്നതായും കാണാൻ പാടില്ലാത്ത രീതിയില്‍ ഇരുവരെയും കണ്ടെന്നും ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു 17-കാരന്റെ മൊഴി.
അമ്മയ്ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ അഭിജിത്തിന്റെ ഫോണിലുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ നീക്കം ചെയ്യാനായാണ് മൊബൈല്‍ഫോണ്‍ എടുത്തതെന്നും പ്രതി മൊഴിനല്‍കിയിട്ടുണ്ട്.
അതേസമയം, പ്രതിയുടെ മൊഴികള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അഭിജിത്തിന്റെയും പ്രതിയുടെ അമ്മയുടെയും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍, അഭിജിത്തിനോടുള്ള പകയാണോ അതോ കവർച്ചാശ്രമമാണോ കൊലപാതകത്തിന് കാരണമായതെന്ന് ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.