ആലപ്പുഴ: എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവില്‍വന്നു.
ശവപ്പെട്ടി ഒഴിവാക്കി സംസ്കാരം നടത്താനാണ് തീരുമാനം. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വർഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോട് ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം.പുതിയ രീതിപ്രകാരം മൃതദേഹം എത്തിക്കുന്നതിന് രണ്ടു സ്റ്റീല്‍പ്പെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാർത്ഥനകള്‍ക്കുശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സംസ്കരിക്കും.
സ്റ്റീല്‍പ്പെട്ടി തിരികെയെടുക്കും. ഇടവക ജനങ്ങളുടെ ഐക്യകണ്ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയില്‍ അടക്കുന്നതിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് വികാരി ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.
പരിസ്ഥിതി സംരക്ഷിക്കുക എന്ന മുഖ്യലക്ഷ്യത്തിനാണ് ഊന്നല്‍നല്‍കുന്നതെന്ന് പള്ളി അധികൃതർ അറിയിച്ചു.
മണ്ണില്‍നിന്നു സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മണ്ണിനോട് അലിഞ്ഞുചേരുന്നതിന് സഹായകമാകണം. മൃതസംസ്കാരം എന്ന ചിന്തയും ഇതിന് ആധാരമായിട്ടുണ്ട്. കൂടാതെ, സെമിത്തേരിയില്‍ പ്ലാസ്റ്റിക് സംബന്ധമായ എല്ലാ വസ്തുക്കളുടെയും ഉപയോഗവും നിർത്തലാക്കിയിരിക്കുന്നതായും അധികൃതർ അറിയിച്ചു.
പള്ളിപ്പുറം പാരിഷ് ഫാമിലി മരിയൻ മരണാനന്തര സഹായസംഘമാണ് മൃതദേഹം തുണിക്കച്ചയില്‍ സംസ്കരിക്കുന്നതിനുള്ള നേതൃത്വവും സഹായങ്ങളും നല്‍കുന്നത്.
കൈക്കാരന്മാരായ ബിജു മാത്യു പണിക്കശ്ശേരി, ജോസ്‌കുട്ടി ചാക്കോ കരിയില്‍, വൈസ് ചെയർമാൻ ഷില്‍ജി കുര്യൻ പാലയ്ക്കല്‍, സംഘം സെക്രട്ടറി ജോയി ജോസഫ് പതിയാമൂല എന്നിവർ ഈ പുതിയ മാറ്റത്തിനു നേതൃത്വം നല്‍കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.