തിരുവനന്തപുരം; കയറ്റുമതി ബിസിനസിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തു കോടികൾ തട്ടിച്ച പേട്ടയിലെ എഎസ്കെ എക്സ്പോർട്ടിങ് ഗ്രൂപ്പിന്റെ വലയിൽ വീണത് നൂറിലേറെ പേർ. തട്ടിപ്പു പുറത്തു പറഞ്ഞ 12 പേർക്കു മാത്രം 5 കോടിയോളം രൂപ നഷ്ടമായി.
സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആകാശ്, മാനേജിങ് പാർട്നർമാരായ സേവ്യർ, രമേശ് എന്നിവർക്കെതിരെ പേട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വക്കം സ്വദേശിയിൽ നിന്ന് 1.32 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. മറ്റു പരാതികൾ അതതു സ്റ്റേഷനുകളിലേക്കു കൈമാറി. സംരംഭകരുടെ പരിപാടിക്കിടെ മന്ത്രി പി.രാജീവ് പുരസ്കാരം സമ്മാനിച്ച് പൊന്നാട അണിയിക്കുന്ന ചിത്രം തട്ടിപ്പു നടത്താനായി ആകാശ് ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി.
63 രാജ്യങ്ങളിലേക്കു കയറ്റുമതി ലൈസൻസ് ഉണ്ടെന്നും നിക്ഷേപകരെ പാർട്നറാക്കി വൻതുക ലാഭം നൽകാമെന്നും വിശ്വസിപ്പിച്ചാണ് കബളിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. വിശ്വാസം പിടിച്ചുപറ്റാൻ നിക്ഷേപകരുമായി വിദേശ ടൂർ നടത്തി. തമ്പാനൂരിലെ ആഡംബര ഹോട്ടലിൽ പരിപാടി നടത്തി ആളുകളെ ചേർത്തു.
9,40,000 രൂപയുടെ ഹെർബൽ ഉൽപന്നങ്ങൾ കയറ്റി അയയ്ക്കാൻ ഷിപ്പിങ് ചാർജ് സഹിതം 10 ലക്ഷം രൂപ നൽകിയാൽ 19 ലക്ഷമായി മൂന്നു മാസത്തിനകം തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. 2022ലെ നിക്ഷേപത്തിന് പറഞ്ഞ സമയം കഴിഞ്ഞിട്ടും ലാഭം കിട്ടിയില്ല. കൊടുത്ത പണം തിരികെ നൽകിയതുമില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് നിക്ഷേപകർ മനസ്സിലാക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് പേട്ട പൊലീസ് ശുപാർശ നൽകി.
കേസ് കൊടുത്തവർക്ക് കാശ് നൽകില്ല : ഉടമയുടെ സന്ദേശം
കേസ് കൊടുത്തവർക്ക് കാശ് നൽകില്ലെന്ന മാനേജിങ് ഡയറക്ടർ ആകാശിന്റെ ശബ്ദ സന്ദേശം നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പിലെത്തി. ‘കേസ് കൊടുത്തു എന്നു പറഞ്ഞു എന്റെ കയ്യിൽ നിന്നു കാശ് കിട്ടുമെന്ന് പ്രതീക്ഷ വേണ്ട.
ആരൊക്കെ കേസ് കൊടുത്തെന്നും ആരൊക്കെ പിന്തുണ നൽകി എന്നും ഏതു സഹായങ്ങൾ ചെയ്തെന്നും വ്യക്തമായി അറിയാം.കേസിന്റെ അവസാനം എന്താണോ അതാണ് കേസ് കൊടുത്തവർക്കുള്ള വിധി.പൈസയുടെ കാര്യങ്ങൾ റെഡി ആയെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. ’ സന്ദേശത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.