ലഖ്‌നോ: ഉത്തർപ്രദേശിൽ നാല് വയസുള്ള കുഞ്ഞിനെ ബലി നൽകിയ സംഭവത്തിൽ ബന്ധുവായ സ്ത്രീയും ആൾദൈവവും പിടിയിൽ.
ബറേലിക്ക് സമീപം ശിഖർപൂർ ചധൗരി ഗ്രാമത്തിലാണ് സംഭവം. മിസ്റ്റി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. വീട്ടിലും അയൽ വീടുകളിലും പരിസര പ്രദേശത്തും കുട്ടിയെ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ ബന്ധുവായ സാവിത്രി എന്ന സ്ത്രീയുടെ അസ്വാഭാവികത കണ്ടെത്തിയത്. വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളെ പോലും കടത്തിവിടാതെ വാദങ്ങൾ നിരത്തിയതോടെ പൊലീസ് വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇതോടെയാണ് കിണറിന് സമീപം മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിലേക്ക് നയിച്ചത് അന്ധവിശ്വാസമാണെന്ന് പൊലീസ് കണ്ടെത്തി.
പിന്നാലെ സ്വയം പ്രഖ്യാപിത ആൾദൈവമായ ഗംഗാ രാമനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐശ്വര്യം വരാൻ കുട്ടിയെ ബലി നൽകണമെന്ന ആൾദൈവത്തിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.