മൂന്നാർ; മൂന്നാറിലെ വഴിയോര കടകൾ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയ സിപിഎം, കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്തശേഷം അധികൃതർ പെട്ടിക്കടകൾ ഒഴിപ്പിച്ചു.
ഇന്നലെ രാവിലെയാണ് പഞ്ചായത്ത്, പൊതുമരാമത്ത്, പൊലീസ് വകുപ്പുകൾ സംയുക്തമായി കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽപെട്ട പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതലുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാരംഭിച്ചത്. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ഒഴിപ്പിക്കൽ നടക്കുന്നതിനിടയിൽ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ വഴിയോര കച്ചവടക്കാർ ചേർന്ന് ദേശീയപാത ഉപരോധം ആരംഭിക്കുകയും ഒഴിപ്പിക്കൽ തടയുകയും ചെയ്തു.ഇതിനിടയിൽ സിപിഎം, കോൺഗ്രസ്, സിപിഐ നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് ഉദ്യോഗസ്ഥരുമായും നേതാക്കൾ തമ്മിലും വാക്കുതർക്കം രൂക്ഷമായി. ഇതോടെയാണ് സിപിഎം മൂന്നാർ ഏരിയ സെക്രട്ടറി കെ.കെ.വിജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.വിജയകുമാർ, മണ്ഡലം പ്രസിഡന്റ് സി.നെൽസൺ, മാർഷ് പീറ്റർ എന്നിവരടക്കം അറുപതിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതിനു ശേഷമാണ് വഴിയോര കടകൾ തൊഴിലാളികളുടെ സഹായത്തോടെ ഒഴിപ്പിച്ചത്. ഇന്നും ഒഴിപ്പിക്കൽ തുടരുമെന്ന് പഞ്ചായത്ത്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഒരു മാസം മുൻപ് നടന്ന ഗതാഗത ഉപദേശക സമിതി യോഗ തീരുമാനപ്രകാരമാണ് ഒഴിപ്പിക്കൽ നടത്തുന്നത്. മൂന്നാർ, മാട്ടുപ്പെട്ടി, രണ്ടാം മൈൽ മേഖലകളിൽ വഴിയോര കടകൾ പെരുകുന്നതിനെതിരെ വ്യാപാരികളും അടുത്തിടെ രംഗത്തെത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.