ആലപ്പുഴ: തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ്. ഇതുമായി ബന്ധപ്പെട്ടുവന്ന ആരോപണങ്ങളും വാര്‍ത്തകളുമെല്ലാം അടിസ്ഥാനരഹിതമാണെന്നും താന്‍ മന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരം ആരോപണം വരുന്നതെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണവെ തോമസ് കെ. തോമസ് വ്യക്തമാക്കി.
"ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹത്തിന് തന്നോട് എന്തിനാണ് വ്യക്തിവൈരാഗ്യമെന്ന് അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ കമ്മിറ്റികൂടി ഐകകണ്ഠ്യേന ഒരു തീരുമാനമെടുത്തു. ആ തീരുമാനം പുറത്തുവന്നപ്പോഴാണ് ഈ ആരോപണം വരുന്നത്. ഇതില്‍ ഗൂഢാലോചനയുണ്ട്.
100 കോടിയെന്നൊക്കെയുള്ള വലിയൊരു കാര്യം നിയമസഭാ ലോബിയിലാണോ ചര്‍ച്ച ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. എംഎല്‍എമാരും അവരുടെ അതിഥികളും സെക്രട്ടറിമാരുമടക്കം പലരും കയറിയിറങ്ങുന്ന നിയമസഭയുടെ ലോബിയില്‍ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും ചര്‍ച്ച ചെയ്യുമോ". കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കാനെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ആന്റണി രാജു തോമസ് ചാണ്ടിയേയും ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ആരോപിച്ചു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തെന്നായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം കോവൂര്‍ കുഞ്ഞുമോന് നിഷേധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.