ഹൈദരാബാദ്: കളിക്കളത്തില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന മുഹമ്മദ് സിറാജിന്റെ തലയില്‍ ഇനി മുതല്‍ കാക്കിത്തൊപ്പിയും.
ഇന്ത്യൻ പേസർ തെലങ്കാന പൊലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു. വെള്ളിയാഴ്ച തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് താരം ചുമതലയേറ്റെടുത്തത്.
നേരത്തെ, സിറാജിന് ഗ്രൂപ്പ്-1 സർക്കാർ പദവിയും സർക്കാർ ജോലിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഡിഎസ്പി പദവിയിലൂടെ സർക്കാർ നിറവേറ്റിയത്.
ഡിഎസ്പിയായെങ്കിലും സിറാജ് കായികരംഗത്ത് തുടരും. പുതിയ ചുമതലയേറ്റതിനു പിന്നാലെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് താരം നന്ദി അറിയിച്ചു. സിറാജിന്റെ പുതിയ നിയമനം സംബന്ധിച്ച വിവരം തെലങ്കാന പൊലീസ് സോഷ്യല്‍മീഡീയയില്‍ പങ്കുവച്ചു.
'ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡിഎസ്പിയായി നിയമിച്ചു. അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് നേട്ടങ്ങള്‍ക്കും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തിനും ആദരമായാണ് ഈ പദവി. തൻ്റെ പുതിയ റോളില്‍ ഏവർക്കും പ്രചോദനമായി അദ്ദേഹം തൻ്റെ ക്രിക്കറ്റ് ജീവിതം തുടരും'- തെലങ്കാന പൊലീസ് എക്സ് പോസ്റ്റില്‍ വിശദമാക്കി.
നേരത്തെ, ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമില്‍ അംഗം കൂടിയായ മുഹമ്മദ് സിറാജിന് വീട് വയ്ക്കാൻ തെലങ്കാന സർക്കാർ സ്ഥലം നല്‍കിയിരുന്നു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ റോഡ് നമ്പർ 78ല്‍ 600 ചതുരശ്ര യാർഡ് സ്ഥലമാണ് അനുവദിച്ചത്. ജൂലൈ 31ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു സിറാജിന് സ്ഥലവും സർക്കാർ ജോലിയും നല്‍കാൻ രേവന്ദ് റെഡ്ഡി സർക്കാർ തീരുമാനിച്ചത്.
ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദർശിച്ചപ്പോള്‍ ഇക്കാര്യം അദ്ദേഹം നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലോ സമീപപ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശവും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജൂബിലി ഹില്‍സില്‍ സ്ഥലം കണ്ടെത്തിയതും നല്‍കിയതും.
നേരത്തെ സിറാജിൻ്റെ നേട്ടങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, അദ്ദേഹം സംസ്ഥാനത്തിനും രാജ്യത്തിനും വലിയ അഭിമാനമാണെന്നും പറഞ്ഞിരുന്നു.
നിലവില്‍ ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനില്‍ സ്ഥിരമായ സിറാജ്, അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒക്ടോബർ 16ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലാണ് താരം അടുത്തതായി പന്തെടുക്കുക.
കഴിഞ്ഞവർഷം സെപ്തംബറില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയപ്പോള്‍ വിജയത്തിന്റെ നെടുംതൂണായത് സിറാജായിരുന്നു.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ വേറുത്തത്. ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ സിറാജ് ആറ് ലങ്കന്‍ മുന്‍നിര വിക്കറ്റുകളാണ് പിഴുതത്.
30കാരനായ സിറാജ് 2017ലാണ് അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്. ഇതുവരെ 29 ടെസ്റ്റുകളില്‍ നിന്നായി 78ഉം 44 ഏകദിനങ്ങളില്‍ നിന്നായി 71ഉം 16 ടി20 മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.