തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ ഇന്ന് നിയമസഭയില്‍ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം. ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്.
ഗുരുതര ആരോപണങ്ങള്‍ നേരിട്ടിട്ടും, ആർഎസ്‌എസ് കൂടിക്കാഴ്ചയില്‍ ഡിജിപി വീഴ്ച ചൂണ്ടിക്കാട്ടിയ റിപ്പോർട്ട് നല്‍കിയിട്ടും എംആർ അജിത് കുമാറിനെതിരെ പേരിന് മാത്രം നടപടിയെടുത്തതും പ്രതിപക്ഷം ഉയർത്തും.അതേസമയം, എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയിലും വിവാദം കനക്കുകയാണ്. എഡിജിപിക്കെതിരായ നടപടി എല്‍ഡിഎഫ് രാഷ്ട്രീയത്തിൻ്റെ വിജയമെന്ന് സിപിഐ അവകാശപ്പെട്ടപ്പോള്‍ പ്രഹസനമെന്നും രക്ഷാപ്രവർത്തനമെന്നുമാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.
'നിയമസഭയില്‍ കാണാം' എന്ന വെല്ലുവിളിയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയിട്ടുണ്ട്. ശിക്ഷാ നടപടിയെന്ന് വിളിച്ചാല്‍ നാണക്കേടാണെന്നും എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനമാണെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടത്.
ബിനോയ് വിശ്വം
എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടി സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടതാണെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ആർഎസ്‌എസ് നേതാക്കളെ കണ്ട കാര്യം
ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വി ഡി സതീശൻ
എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടത്. നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം. നടപടിയില്‍ തൃപ്തിയില്ലെന്നും നിയമസഭയില്‍ കാണാമെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആർഎസ്‌എസ് നേതാക്കളെ കണ്ടത്. അതിൻറെ പേരിലാണ് നടപടിയെങ്കില്‍ നേരത്തെ എടുക്കാമായിരുന്നു.
അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോള്‍ നടപടിയുണ്ടായത്. പൂരം കലക്കിയതിൻറെ പേരിലാണ് നടപടിയെങ്കില്‍ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വിഡി സതീശൻ പറഞ്ഞു.
കെ സുധാകരൻ
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനമാണ് എ ഡി ജി പി എം.ആർ അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയനിലേക്ക് നിർത്തിക്കൊണ്ടാണ് എ ഡി ജി പി അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരൻ വിമർശിച്ചു.
ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാർത്ഥമില്ലാത്ത നടപടിയാണ് സർക്കാരിന്റെത്. നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്.
പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എ ഡി ജി പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യമെന്നും കെ സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.