പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പാക് ജനത.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സാക്കിര്‍ നായികിനെ വിമര്‍ശിച്ചത്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകളെ ഉപദേശിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയാണ് ഏറ്റവും അടുത്ത് പുറത്തുവന്നത്.ആരാണ് ഇയാളെ രാജ്യത്തേക്ക് വിളിച്ചുവരുത്തിയതെന്ന് പാകിസ്ഥാനിലെ നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത്രയും വിവരമില്ലാത്തവരെ രാജ്യത്തേക്ക് ക്ഷണിച്ചുവരുത്തരുതെന്ന് ചിലര്‍ പറഞ്ഞു.
എന്തിനാണ് ഇന്ത്യയും മറ്റ് രാജ്യങ്ങളും ഇയാളെ വിലക്കിയതെന്ന് ഇപ്പോള്‍ മനസിലായെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിലവില്‍ മലേഷ്യയില്‍ താമസിക്കുന്ന സാക്കിര്‍ നായിക് ഒരുമാസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായാണ് കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെത്തിയത്.
'' ഒരു പ്രഭാഷണത്തിനിടെ സദസിലെ സ്ത്രീ ഉന്നയിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നത് കണ്ടു. തീവ്രമതവികാരം പിന്തുടരുന്ന ഈ സമൂഹത്തില്‍ ആ സ്ത്രീയ്ക്ക് മേല്‍ അയാള്‍ മനപൂര്‍വ്വം മതനിന്ദ ആരോപിക്കുന്നു. ഇയാള്‍ എന്നാണ് പാകിസ്ഥാനില്‍ നിന്ന് പോകുക?,'' എന്നൊരാള്‍ എക്സില്‍ കമന്റ് ചെയ്തു.
' അവിവാഹിതയായ, അല്ലെങ്കില്‍ പുനര്‍വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത സ്ത്രീകളെല്ലാം പൊതുസ്വത്ത് ആണെന്നാണോ ഇയാളുടെ വിചാരം? എന്താണ് ഇതിന്റെ അര്‍ത്ഥം?
സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിക്കാതെ തുടരാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന ആശയം ഇദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലേ?
ഇയാളെ ഒരു മതപണ്ഡിതനായി എങ്ങനെ കണക്കാക്കും? താലിബാന് ആശയങ്ങളോടാണ് ഇയാള്‍ക്ക് പ്രിയമെന്ന് തോന്നുന്നു,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
അതേസമയം പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ അധിക ലഗേജിനുള്ള ചാര്‍ജ് ഒഴിവാക്കാന്‍ തയ്യാറാകാതിരുന്ന പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെതിരെയും സാക്കിര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ലഗേജിനുള്ള ചാര്‍ജിന് 50 ശതമാനം ഡിസ്കൗണ്ട് എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാക്കിര്‍ നായിക് ഇത് നിരസിക്കുകയായിരുന്നു.
' 1000 കിലോഗ്രാം ലഗേജുമായി ആരെങ്കിലും യാത്ര ചെയ്യുമോ? ഏത് മതമാണ് നിയമത്തില്‍ നിന്ന് സൗജന്യവും ആനൂകൂല്യങ്ങളും ആവശ്യപ്പെടുന്നത്? അധിക ലഗേജിന് പണം നല്കി എല്ലാവര്ക്കും ഒരു മാതൃകയാകാന്‍ അദ്ദേഹം ശ്രമിക്കണമായിരുന്നു,'' ഒരാള്‍ കമന്റ് ചെയ്തു.
കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടത്തിയ ഒരു പ്രഭാഷണത്തിനിടെ പീഡോഫീലിയയെപ്പറ്റി (പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടുള്ള ലൈംഗികാസക്തി) ചോദ്യം ഉന്നയിച്ച പഷ്തൂണ്‍ പെണ്‍കുട്ടിയെ സാക്കിര്‍ നായിക് പരിഹസിച്ചതും വാര്‍ത്തയായിരുന്നു.
തെറ്റായ ചോദ്യം ഉന്നയിച്ച പെണ്‍കുട്ടി ദൈവത്തോട് മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ ചോദ്യത്തിന് താന്‍ മറുപടി പറയില്ലെന്നും പകരം ആ പെണ്‍കുട്ടി മാപ്പ് പറയണമെന്നും സാക്കിര്‍ പറഞ്ഞു.
പ്രഭാഷണത്തിനിടെ മറ്റുചില വിവാദപരാമര്‍ശങ്ങളും അദ്ദേഹം നടത്തി. പാകിസ്ഥാനില്‍ കഴിയുന്നവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുമെന്നും അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് ഈ ഭാഗ്യം ലഭിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെ നിരവധി പേര് രംഗത്തെത്തുകയും ചെയ്തു.
അതേസമയം സാക്കിര്‍ നായികിന് പാകിസ്ഥാന് ഊഷ്മള സ്വീകരണമാണ് നല്‍കിയതെന്നും അതില്‍ ആശ്ചര്യപ്പെടുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.