മംഗലാപുരം: മംഗളുരുവില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തി വച്ച നിലയില്‍ കണ്ടെത്തിയത് തീവണ്ടി അട്ടിമറി ശ്രമമെന്ന് സംശയം. കഴിഞ്ഞ ദിവസമാണ് മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ട്രാക്കില്‍ കല്ല് കണ്ടെത്തിയത്.
കേരളത്തില്‍ നിന്നുള്ളതടക്കം രണ്ട് തീവണ്ടികള്‍ ഈ വഴി കടന്ന് പോയപ്പോള്‍ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിച്ചത്.അർദ്ധരാത്രിയോടെയാണ് സംഭവം. കേരളത്തില്‍ നിന്നുള്ള തീവണ്ടി രാത്രി പന്ത്രണ്ടരയോടെ ഈ വഴി കടന്ന് പോയപ്പോഴാണ് വലിയ ശബ്ദവും മുഴക്കവും ആദ്യം അനുഭവപ്പെട്ടത്. നാട്ടുകാർ ആദ്യം ഇത് ഗൗനിച്ചില്ലെങ്കിലും പിന്നീട് രണ്ടാമത്തെ തീവണ്ടി കടന്ന് പോയപ്പോഴും സമാനമായ വലിയ ശബ്ദമുണ്ടായി.
ഇതോടെയാണ് പരിസരവാസികള്‍ വിവരം പൊലീസിനെയും റെയില്‍വേ അധികൃതരെയും അറിയിച്ചത്. റെയില്‍വേ അധികൃതരും ആർപിഎഫുമെത്തി ട്രാക്കും പരിസരവും പരിശോധിച്ചപ്പോഴാണ് വലിയ ഉരുളൻ കല്ലുകള്‍ ട്രാക്കിന് മുകളില്‍ വച്ചത് കണ്ടെത്തിയത്.
ട്രെയിനുകള്‍ ഇതിന് മുകളിലൂടെ കടന്ന് പോയതോടെ കല്ലുകള്‍ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. കല്ലുകള്‍ ഉരഞ്ഞ് ട്രാക്കിന് ചെറിയ കേടുപാടുകളും സംഭവിച്ചു. വാർത്തയറിഞ്ഞതോടെ, ശനിയാഴ്ച രാത്രി ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന പ്രദേശവാസികളായ സ്ത്രീകള്‍, സ്ഥലത്ത് രണ്ട് പേർ നില്ക്കുന്നതായി കണ്ടെന്ന് മൊഴി നല്‍കിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തൊക്കോട്ട് മേല്‍പ്പാലത്തിലേക്ക് വരുന്ന വഴികളിലുള്ള സിസിടിവികള്‍ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രദേശത്തെ റെയില്‍വേ ട്രാക്കുകളില്‍ ആർപിഎഫും രാത്രി നിരീക്ഷണം ശക്തമാക്കി. നേരത്തേ തമിഴ്നാട് കവരപ്പേട്ടയിലെ ട്രെയിൻ അപകടം അട്ടിമറിയാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് സമാനമായി തീവണ്ടി പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.