കോഴിക്കോട്: ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയവർക്കെല്ലാം കോളടിച്ചു. കോഴിക്കോട് ബീച്ചുമുതല്‍ ഭട്ട്റോഡുവരെ കടലിനോട് ചേർന്ന റോഡിലൂടെ ചെറിയ ചാക്കുകളിലും കവറുകളിലും നിറയെ മത്തിയുമായി ബീച്ച് കാണാനെത്തിയവർ മടങ്ങി.
എന്താണ് സംഭവം എന്നറിയാനായി ബീച്ചിലേക്കിറങ്ങിയവർ കണ്ടത് തിരയോടൊപ്പം കരയിലേക്ക് അടിച്ചുകയറുന്ന മത്തിയായിരുന്നു.അപൂർവമായിമാത്രം ഉണ്ടാകുന്ന മത്തിച്ചാകരയാണെന്ന് പിന്നീടാണ് ആളുകള്‍ക്ക് മനസ്സിലായത്. കോന്നാട് ബീച്ചിലാണ് കൂടുതലായി മത്തിയടിഞ്ഞത്. രാവിലെ 10.30 മുതല്‍ 12.30 വരെയായിരുന്നു ചാകര. കുട്ടികളടക്കമുള്ളവർ കരയിലിരുന്ന് മത്തി പിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവധിദിവസമായതിനാല്‍ ബീച്ചില്‍ രാവിലെമുതല്‍ കളിക്കാനെത്തുന്നവരും മറ്റ് സന്ദർശകരുമെല്ലാം കൂടുതലായുണ്ടായിരുന്നു.
മത്തി കടപ്പുറത്തേക്കെത്തുന്നതിന്റെയും അത് വാരിയെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിമിഷനേരംകൊണ്ട് കടപ്പുറം നിറഞ്ഞു. പ്രദേശവാസികളടക്കം കുടുംബമായി മത്തി വാരിയെടുക്കാനെത്തി.
കോന്നാട് ബീച്ചില്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ അവർ കടലിലേക്കിറങ്ങുന്നത് തടയുന്നതിനായി എലത്തൂർ കോസ്റ്റല്‍പോലീസും ലൈഫ് ഗാർഡും സ്ഥലത്തെത്തിയിരുന്നു. ചെറിയ കുട്ടികള്‍ കടലിലേക്ക് ഇറങ്ങുന്നത് അവർ തടഞ്ഞു.സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളില്‍ സാധാരണയായി കരയ്ക്കടുത്തേക്ക് ചെറുമീനുകള്‍ അടുക്കാറുണ്ട്.
അപ്പോള്‍ കടലില്‍ മത്സ്യബന്ധനത്തിനായിപ്പോയ വഞ്ചികള്‍ എക്കോസൗണ്ടർ വിത്ത് ഫിഷ് ഫൈൻഡർ സംവിധാനമുപയോഗിച്ച് മത്സ്യങ്ങള്‍ പോകുന്ന ദിശയ്ക്കനുസരിച്ച് നീങ്ങും. അങ്ങനെ വഞ്ചികള്‍ കരയിലേക്കടുക്കുമ്പോള്‍ മത്സ്യം കൂട്ടത്തോടെ തിരയോടൊപ്പം കരയിലേക്ക് എത്തുന്നതാണിതെന്ന് സീ റെസ്ക്യൂ ഗാർഡ് കെ. ഷൈജു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.