കോഴിക്കോട്: നാടക- സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 13-ാം വയസില്‍ പാടിയ 'പച്ചപ്പനംതത്തേ...' എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.നിരവധി നടകങ്ങളിലും സിനിമകളിലും ഗാനമാലപിച്ച മച്ചാട്ട് വാസന്തി വിപ്ലവ ഗായിക കൂടിയാണ്. പാട്ട് പാടുന്നതിനോടൊപ്പം നിരവധി നാടകങ്ങളിലും വാസന്തി അഭിനയിച്ചിട്ടുണ്ട്. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടല്‍,
ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന്, പി ജെ ആന്റണിയുടെ ഉഴുവുചാല്‍, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണിലും തിക്കോടിയന്റെ നിരവധി നാടകങ്ങളിലും വാസന്തി അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു.
തത്തമ്മേ തത്തമ്മേ നീപാടിയാല്‍ അത്തിപ്പഴം തന്നിടും, ആരു ചൊല്ലിടും ആരു ചൊല്ലിടും, പച്ചപ്പനംതത്തേ, കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാന്‍, മണിമാരന്‍ തന്നത്, പത്തിരി ചുട്ടു വിളമ്പിവിളിച്ചത് തുടങ്ങിയവയാണ് പ്രധാന പാട്ടുകള്‍.കണ്ണൂരില്‍ നടന്ന കിസാന്‍ സഭാ സമ്മേളന വേദിയിലാണ് ആദ്യമായി വാസന്തി പാടുന്നത്.
അന്ന് ഇ കെ നായനാര്‍ പാടാന്‍ അറിയാമെന്ന് അറിഞ്ഞപ്പോള്‍ ഒന്‍പത് വയസുള്ള വാസന്തിയെ വേദിയിലേക്ക് സദസില്‍ നിന്ന് എടുത്ത് കയറ്റുകയായിരുന്നു. കെപിഎസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യില്‍ അഭിനേത്രിയായത് യാദൃച്ഛികമായാണ്. ബാലതാരം വിജയകുമാരിക്ക് അസുഖമായപ്പോള്‍ പകരക്കാരിയാക്കിയത് തോപ്പില്‍ ഭാസിയാണ്.
പി ജെ ആന്റണിയുടെ 'ഉഴവുചാല്' നാടകത്തില്‍ മൂന്ന് വര്‍ഷത്തോളം വേഷമിട്ടു.ഉഴവുചാലിലെ വിലാസിനി, നെല്ലിക്കോടിന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചര്‍, ബാലന് കെ നായര്‍, കുഞ്ഞാണ്ടി ടീം ഒരുക്കിയ ഈഡിപ്പസിലെ ജെക്കോസ്റ്റ, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ജലി, കുതിരവട്ടം പപ്പു, കെ പി ഉമ്മര്‍ തുടങ്ങിയവര്‍ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന,
ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സല്‍മ, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയം. വാര്‍ത്ത, പഞ്ചാഗ്നി, അക്ഷരത്തെറ്റ്, അനുബന്ധം, കടലോരക്കാറ്റ്, ഭരണകൂടം, ചന്ത, ഗോഡ്ഫാദര്, ഏയ് ഓട്ടോ, അനുഭൂതി, മഴ പെയ്യുമ്പോള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.