കോഴിക്കോട്: അർധ രാത്രിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ യുവാവിന്റെ ആക്രമണം. താമരശ്ശേരിയിൽ ഇന്നലെ രാത്രി 11.45ഓടെയാണ് അക്രമം അരങ്ങേറിയത്. ചുങ്കത്തെ ഡ്യൂസ് ആന്റ് കമ്പനി എന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലാണ് സംഭവം.
പമ്പിലെ ജീവനക്കാരൻ ആടിവാരം സ്വദേശി ടിറ്റോ, തച്ചംപൊയിൽ സ്വദേശി അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി കെടവൂർ സ്വദേശി യുനീഷ് ആണ് ആക്രമണം നടത്തിയതെന്നു ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ജീപ്പുമായാണ് യുവാവ് ഇന്ധനം നിറയ്ക്കാൻ എത്തിയത്. തന്റെ കൈയിൽ 100 രൂപയേ ഉള്ളുവെന്നും ആ തുകയ്ക്ക് ഡീസൽ അടിക്കാനും നിർദ്ദേശിച്ചു. ഇന്ധനം നിറച്ച ശേഷം ജീവനക്കാരൻ ടിറ്റോ ഗൂഗിൾ പേ മെഷീനിൽ തുക 100നു പകരം 1000 എന്നു തെറ്റായി അടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പറ്റിയ അബദ്ധം തിരുത്താൻ ശ്രമിച്ചെങ്കിലും ജീവനക്കാരൻ പറ്റിക്കുകയാണെന്നു ആരോപിച്ച് യുവാവ് ജീപ്പിൽ നിന്നു ഇറങ്ങി ടിറ്റോയെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് അഭിഷേകിനും മർദ്ദനമേറ്റത്. മറ്റ് യാത്രക്കാരും പരിസരത്തുണ്ടായിരുന്നവരും ചേർന്ന് യുനീഷിനെ പിടിച്ചു മാറ്റുകയായിരുന്നു.
പമ്പിൽ തീ അണയ്ക്കാനായി സൂക്ഷിച്ചിരുന്ന മണൽ ഇയാൾ നിലത്തെറിഞ്ഞു നശിപ്പിച്ചതായി പരാതിയുണ്ട്. സംഭവത്തിൽ പെട്രോൾ പമ്പ് ഉടമ താരശ്ശേരി പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.