കോട്ടയം: പപ്പടം വിറ്റ കാശുകൊണ്ട് ലോകം ചുറ്റുകയാണ് രാജൻ. 70 വയസ്സിനുള്ളില്‍ 40 രാജ്യങ്ങള്‍ സന്ദർശിച്ചു. ഇനിയും പുതിയ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ് കോട്ടയം കങ്ങഴ ശിവോദയഭവനില്‍ പി.കെ.രാജൻ.
പണിയെടുത്ത് കുറേ പണം സമ്പാദിച്ച് ലോകം കാണാതെ എന്തിനാണ് ജീവിക്കുന്നതെന്നാണ് രാജന്റെ പക്ഷം.യാത്രകള്‍ നടത്തുമ്പോഴും തന്റെ പരമ്പരാഗതതൊഴിലായ പപ്പടനിർമാണം 55 വർഷമായി മികച്ചരീതിയില്‍ കൊണ്ടുപോകുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളടക്കം 24 പേരാണ് വീടിനോട് ചേർന്നുള്ള പപ്പടനിർമാണ കേന്ദ്രത്തില്‍ ജോലിചെയ്യുന്നത്.
ചെറുപ്പംമുതല്‍ യാത്രകളോടുള്ള കമ്പമാണ് രാജനെ സഞ്ചാരിയാക്കിയത്. മൂന്നാർ, ഊട്ടി, കൊടൈക്കനാല്‍, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യയാത്രകള്‍. ദൂരയാത്രകള്‍ നടത്തിയാല്‍ തന്റെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക അന്നുണ്ടായിരുന്നു.
പില്‍ക്കാലത്ത് പപ്പടവ്യവസായം വളർന്നു. മൂത്തമകൻ രാജേഷ് കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങിയതോടെ യാത്രകള്‍ക്ക് കൂടുതല്‍സമയം കണ്ടെത്തി. 50-ാം വയസ്സ് മുതല്‍ യാത്ര പതിവായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു.
ചൈനയിലേക്കായിരുന്നു ആദ്യ വിദേശയാത്ര. അതോടെ കൂടുതല്‍ രാജ്യങ്ങള്‍ കാണാനുള്ള താത്പര്യം വർധിച്ചു. തുർക്കി, പോളണ്ട്, യു.കെ., ജർമ്മനി, ഇറ്റലി, അമേരിക്ക... അങ്ങനെ നീളുന്നു കണ്ട രാജ്യങ്ങളുടെ പട്ടിക. റഷ്യ കാണണമെന്ന വലിയ മോഹം കഴിഞ്ഞയാഴ്ച സാക്ഷാത്കരിച്ചു. പത്തുദിവസമായിരുന്നു റഷ്യൻ സന്ദർശനം. അടുത്തത് അസർബൈജാനിലേക്കാണ്.
പോകുന്ന നാടിനെക്കുറിച്ച് ആദ്യം വിശദമായി പഠിക്കും. അവിടെനിന്നൊക്കെ ഓർമയ്ക്കായി എന്തെങ്കിലും വാങ്ങി നാട്ടിലെത്തിക്കും. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷുമടങ്ങുന്ന കുടുംബം യാത്രകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. യാത്രകഴിഞ്ഞ് നാട്ടിലെത്തിയാല്‍ രാജൻ പപ്പടനിർമാണത്തിലേക്ക് മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.