കൊല്ലം: കെ.എസ്.ആർ.ടി.സി ജീവനക്കാരോട് ആളെ വിളിച്ചുകയറ്റി വരുമാനമുണ്ടാക്കണം എന്ന് ഭീഷണി. നിശ്ചിത വരുമാനം ഉറപ്പാക്കാൻ ആണ് ജീവനക്കാർക്ക് മേല്‍ ഉന്നതാധികാരികള്‍ സമ്മർദം ചെലുത്തുന്നത്.
ടാർഗറ്റ് തികയ്ക്കാത്ത ഡിപ്പോ അധികൃതർക്കാണ് ഉന്നതാധികൃതരുടെ ഭീഷണി. റാന്നി ഡിപ്പോ അധികൃതർക്ക് പത്തനംതിട്ട ഡി.ടി.ഒ. അയച്ച ശബ്ദസന്ദേശം ആണ് ഇപ്പോള്‍ ജീവക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.റാന്നി ഡിപ്പോയില്‍ മൂന്നുലക്ഷം രൂപവരെ കളക്‌ഷനുണ്ടായിരുന്നത് ഒന്നരലക്ഷമായി കുറഞ്ഞതിനെ തുടർന്നാണ് ഡി.ടി.ഒ.യുടെ ശബ്ദസന്ദേശം അധികൃതർക്ക് എത്തിയത്. 'ജീവനക്കാർ വണ്ടിയുമെടുത്ത് ഡീസല്‍ കത്തിക്കാനല്ല ഇറങ്ങേണ്ടത്.
മര്യാദയ്ക്ക് ആളെ വിളിച്ചുകയറ്റി വരുമാനമുണ്ടാക്കണം. 12,000 രൂപ വരുമാനവുമായി എത്താൻ നിങ്ങള്‍ക്ക് നാണമില്ലേയെന്നും ന്യായീകരണമൊന്നും വേണ്ടെ'ന്നുമാണ് സന്ദേശത്തിലുള്ളത്.
ബസുകള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കിയില്ലെങ്കില്‍ യൂണിറ്റ് അധികൃതർക്ക് അവധി അനുവദിക്കില്ലെന്നു മാത്രമല്ല, കുറവുള്ള വരുമാനം ശമ്പളത്തില്‍നിന്നു പിടിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. ശമ്പളംതന്നെ കൃത്യമായി ലഭിക്കാത്ത ജീവനക്കാർക്ക് ഇത് കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്.
നഷ്ടത്തില്‍ പ്രവർത്തിക്കുന്ന യൂണിറ്റുകളിലെ ഓഫീസർമാർക്കും വർക്‌ഷോപ്പ് അധികൃതർക്കും മാനേജിങ് ഡയറക്ടറുടെ മുൻകൂർ അനുമതിയോടെ മാത്രമേ അവധി അനുവദിക്കൂ. മികച്ച സൗകര്യങ്ങള്‍ യാത്രക്കാർക്കു നല്‍കുന്ന സ്വകാര്യ ബസുകളോടു മത്സരിക്കാൻ കഴിയാത്ത നിലയിലാണ് കെ.എസ്.ആർ.ടി.സി.ബസുകള്‍.
പതിനഞ്ചുവർഷത്തിലേറെ പഴക്കമുള്ള ബസുകള്‍ സ്വകാര്യ ബസുകളുമായി മത്സരിച്ചോടിച്ച് എങ്ങനെ വരുമാനമുണ്ടാക്കുമെന്നതാണ് ജീവനക്കാരുടെ ആശങ്ക.
കോർപ്പറേഷന് പുതുതായി ബസുകളോ പെർമിറ്റോ ലഭിക്കുന്നുമില്ല. സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കമുണ്ടായാല്‍ ഒരു സംരക്ഷണവും ജീവനക്കാർക്ക് കോർപ്പറേഷൻ നല്‍കുന്നുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.