കണ്ണൂർ: ചെങ്ങളായി പരിപ്പായിലെ പറമ്പില്‍നിന്ന് കിട്ടിയ നിധിശേഖരം പുരാവസ്തു വകുപ്പ് ഏറ്റെടുത്തേക്കും.
കോഴിക്കോട് പഴശിരാജ ആർക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ.കൃഷ്ണരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം നിധിയുടെ പരിശോധന നടത്തി പ്രാധാന്യം ചൂണ്ടിക്കാട്ടി പുരാവസ്തുവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ജൂലൈയില്‍ പരിപ്പായി ഗവ. എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ത്തോട്ടത്തില്‍നിന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ചെറിയ പാത്രത്തില്‍ സൂക്ഷിച്ച നിലയിലുള്ള നിധിശേഖരം ലഭിച്ചത്.
കാശുമാലകള്‍, സ്വർണമുത്തുകള്‍, ആലി രാജാവിന്‍റെ നാണയങ്ങള്‍, കണ്ണൂർ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങള്‍, ഇൻഡോ-ഫ്രഞ്ച് നാണയങ്ങള്‍, പുതുച്ചേരി പണം, ജിമിക്കിക്കമ്മല്‍, മാലയില്‍ ഉപയോഗിക്കുന്ന മുത്തുകള്‍ എന്നിവയാണ് ശേഖരത്തില്‍ ഉണ്ടായിരുന്നത്.
ഇതില്‍ ഏറ്റവും പ്രധാനം കാശുമാലകളാണ്. ഇറ്റലിയിലെ വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകള്‍) കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങള്‍ ഉപയോഗിച്ചാണ് കാശുമാലകള്‍ നിർമിച്ചതെന്നു കെ. കൃഷ്ണരാജ് പറഞ്ഞു.
നിലവില്‍ തളിപ്പറമ്പ് ആർഡിഒ ഓഫിസിലാണ് നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. 1968 ലെ കേരള ട്രഷർ ട്രോബ് ആക്റ്റ് പ്രകാരം നിധിയുടെ വില കളക്ടർ മുഖാന്തം നിശ്ചയിച്ച് നിധി കണ്ടെത്തിയ പറമ്പിന്‍റെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നല്‍കും.
വിവിധ സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാഗമായതിനാലും പുരാവസ്തു ഗണത്തില്‍പെടുന്നതിനാലും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി നിധി പുരാവസ്തു വകുപ്പിന് കൈമാറാൻ കളക്ടറോട് ആവശ്യപ്പെടുമെന്ന് പുരാവസ്തു അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.