പാനൂർ: ഓണ്‍ലൈൻ തട്ടിപ്പുകാർക്ക് പണം ശേഖരിക്കാൻ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ കോളജ്, ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ 50 ഓളം പേർ പൊലീസ് നിരീക്ഷണത്തില്‍.
പെരിങ്ങത്തൂർ, പാനൂർ മേഖലയിലുള്ള വിദ്യാർഥികളാണ് കെണിയില്‍പെട്ടിരിക്കുന്നത്. ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കിരയായവർ നല്‍കിയ പരാതിയില്‍ ആലപ്പുഴ പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെരിങ്ങത്തൂരില്‍നിന്ന് രണ്ട് കോളജ് വിദ്യാർഥികള്‍ പിടിയിലായിയിരുന്നു.ഓണ്‍ലൈനിലൂടെ ശേഖരിക്കുന്ന പണം വിനിമയം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ വാടകക്ക് നല്‍കിയ വിദ്യാർഥികളെ കണ്ടെത്തുന്നതിന് സൈബർ പൊലീസും രംഗത്തുണ്ട്.
കഴിഞ്ഞ ആഴ്ച വടകര മേഖലയില്‍നിന്ന് നാല് കോളജ് വിദ്യാർഥികളെ ഭോപാല്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പെരിങ്ങത്തൂർ, പാനൂർ മേഖലയില്‍നിന്ന് ഇത്തരം തട്ടിപ്പുകള്‍ക്ക് 50 ലധികം വിദ്യാർഥികള്‍ ചതിയില്‍ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് തട്ടിപ്പിനിരയായവർ നല്‍കിയ പരാതിയില്‍ അകപ്പെടുന്ന വിദ്യാർഥികളുടെ കാര്യത്തില്‍ വലിയ ആശങ്കയാണുള്ളത്.
സ്കൂള്‍, കോളജ് വിദ്യാർഥികളെയും സാധാരണക്കാരായ തൊഴിലാളികളെയും സമീപിച്ച് പണമിടപാട് നടത്തുന്നതിന് താല്‍ക്കാലിക അക്കൗണ്ടുകള്‍ വാങ്ങുന്ന ഏജന്റുമാരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഓരോ പണമിടപാടുകള്‍ക്കും നിശ്ചിത തുക അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയവർക്ക് ലഭിക്കുന്നതോടെയാണ് നിരവധി വിദ്യാർഥികള്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടത്.
ചെറിയ കാലയളവിനുള്ളില്‍ കൂടുതല്‍ വരുമാനം നേടാമെന്ന തട്ടിപ്പ് സംഘങ്ങളുടെ മോഹന വാഗ്ദാനങ്ങളില്‍ വീണാണ് വിദ്യാർഥികള്‍ ഈ വഴി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തുന്ന സംഘം പണം ശേഖരിക്കുന്നതിനും പിൻവലിക്കുന്നതിനും ഇത്തരത്തിലുള്ള താല്‍ക്കാലിക അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു
.അന്വേഷണങ്ങള്‍ യഥാർഥ കുറ്റവാളികളിലേക്ക് എത്താതിരിക്കാനാണ് വിദ്യാർഥികളെ കരുവാക്കി താല്‍ക്കാലിക അക്കൗണ്ടുകള്‍ ഏജന്റുമാർ മുഖേന കൈക്കലാക്കുന്നത്. പണമിടപാട് നടത്തുന്നതിന് വേണ്ടി അക്കൗണ്ട് ഉടമകളായ വിദ്യാർഥികളുടെ എ.ടി.എം കാർഡും പിൻ നമ്പറും നല്‍കണം. അല്ലെങ്കില്‍ ഒ.ടി.പി നമ്പറുകള്‍ നല്‍കിയാലും അക്കൗണ്ടുകള്‍ വഴി പണം പിൻവലിക്കാനാവും.
ഇത്തരം അക്കൗണ്ടുകളിലൂടെ ദിവസവും ലക്ഷങ്ങള്‍ ഇടപാടുകള്‍ നടത്തിയതായും ഇതില്‍ ചില വിദ്യാർഥികള്‍ക്ക് ബാങ്ക് നോട്ടീസ് അയച്ചതായും വിവരമുണ്ട്. പണമിടപാടിന് വേണ്ടി അക്കൗണ്ടുകള്‍ നല്‍കിയ വിദ്യാർഥികള്‍ ചതിയില്‍പ്പെട്ടതാണെന്ന വിവരം പിന്നീടാണ് അറിയുന്നത്. പെരിങ്ങത്തൂരിലെ ഒരു വിദ്യാർഥിയുടെ പേരില്‍ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നതായും വിവരമുണ്ട്.
പ്രതികളാവുന്ന അക്കൗണ്ടിന്റെ യഥാർഥ ഉടമകള്‍ക്ക് ആരാണ് തങ്ങളുടെ അക്കൗണ്ടുകള്‍വെച്ച് തട്ടിപ്പ് നടത്തിയതെന്ന് പോലും അറിയില്ല. സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്. ഒരു ലക്ഷം രൂപ അക്കൗണ്ടിലെത്തിയാല്‍ 5000 രൂപയാണ് വിദ്യാർഥികള്‍ക്ക് ലഭിക്കുക. കനറാ ബാങ്കിന്റെ പാനൂർ ശാഖയില്‍ മാത്രം ഇത്തരത്തില്‍ എട്ട് അക്കൗണ്ടുകള്‍ തുടങ്ങിയതായി ബാങ്ക് അധികൃതർ പറയുന്നു.
അക്കൗണ്ട് എടുക്കുന്ന സമയത്ത് ബാങ്കില്‍ നല്‍കുന്ന ഫോണ്‍ നമ്പറും വ്യാജമാണ്. ആ നമ്പറുകളിലേക്ക് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. ഇത്തരം അക്കൗണ്ടുകളില്‍ ചിലത് സൈബർ പൊലീസ് ബ്ലോക്ക് ചെയ്തതായും അറിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.