ജെറുസലേം: ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 7ന് രാവിലെ ഏഴു മണിയോടെയാണ് ഇസ്രയേലിന്റെ സുരക്ഷാവേലികള്‍ തകര്‍ത്തെറിഞ്ഞ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നത്.
തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും സ്ഫോടനങ്ങളിലും 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി.ഇസ്രയേലി ചാരസംഘടനയായ മൊസാദിനും ഇസ്രയേലി ഡിഫന്‍സ് ഫോഴ്സിനും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന ആ ആക്രമണത്തിന് ഓപ്പറേഷന്‍ അല്‍-അഖ്സ ഫ്ലഡ് എന്നാണ് ഹമാസ് പേരിട്ടിരുന്നത്.
ആക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും മോചിതമാകുന്നതിന് മുൻപ് രാവിലെ 10.47-ഓടെ ഓപ്പറേഷന്‍ അയണ്‍ സോഡ്സ് എന്ന പേരില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായി. ഇസ്രയേല്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞുവെന്ന് 11.35-ഓടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചു.
പന്ത്രണ്ടരയോടെ അമേരിക്ക ഇസ്രയേലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. അന്ന് തുടങ്ങിയ യുദ്ധം, ഒരു വര്‍ഷമാകുമ്പോൾ ഹമാസിനു പുറമേ ലെബനനിലെ ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായും ഇസ്രയേലിന്റെ യുദ്ധം ശക്തിപ്പെട്ടിരിക്കുന്നു.
യെമനിലെ ഹൂതികള്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ചെങ്കടലില്‍ കപ്പലുകളെ നിരന്തരം ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും എത്ര ലക്ഷങ്ങൾക്ക് ജീവൻ നഷ്ടപ്പെടുമെന്നും എത്ര പേർ അഭയാർഥികളായി തള്ളപെടുമെന്നും ആർക്കും പറയാനാകുന്നില്ല.
ഇതുവരെ 42,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 ലക്ഷത്തോളം പേരാണ് യുദ്ധത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത്. 17,000 കുട്ടികളും മരണപ്പെട്ടു. ഇതിനിടെ ഹമാസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാൻ, സിറിയ, ലെബനനൻ, യെമൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിന് പിന്തുണ നൽകുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക,
ബന്ദികളെ സുരക്ഷിതരായി തിരികെയെത്തിക്കുക, ഇനിയൊരു ഭീഷണിയുണ്ടാകാത്തവിധം അതിര്‍ത്തി സുരക്ഷിതമാക്കുക എന്നീ മൂന്നു ലക്ഷ്യങ്ങളാണ് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവച്ചത്.
യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ മൂന്നു ലക്ഷ്യങ്ങളില്‍ ഒന്നുപോലും പൂര്‍ണമായും നേടാന്‍ ഇസ്രയേലിന് ആയിട്ടില്ല എന്നത് മറ്റൊരു വാസ്തവം. ഒരു വർഷമായി തുടരുന്ന യുദ്ധത്തിൽ ഇരയാക്കപ്പെടുന്നത് ഗാസയിലെ സാധാരണ ജനങ്ങളും സ്ത്രീകളും കുട്ടികളുമാണ്.
മാത്രമല്ല അഭയാർഥി ക്യാംപുകളിൽ പടരുന്ന പകർച്ചവ്യാധികളും ഗാസയിലെ ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഹെപ്പറ്റൈറ്റിസ് എ, മെനിഞ്ചൈറ്റിസ് തുടങ്ങി മാരക രോഗങ്ങൾ വരെ ഗാസ നേരിടുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്.
ഒരു വർഷം കൊണ്ട് ഗാസ പൂർണമായും തകർന്നു കഴിഞ്ഞു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളില്‍ ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണ-പ്രത്യാക്രമണങ്ങളില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുള്‍പ്പെടെ വധിക്കപ്പെടുകയും ചെയ്തു. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി കൊണ്ടിരിക്കുകയാണ്.
ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഗാസയിലെ കുട്ടികളുടെ ജീവിതമാണ്'- എന്ന ഐക്യരാഷ്ട്രസഭ തലവൻ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകൾ ലോകത്തെ മുഴുവൻ നൊമ്പരപ്പെടുത്തുകയാണ്. യുദ്ധം തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴും ഈ നരക ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പോരാട്ടത്തിലാണ് ഗാസയിലെ കുരുന്നുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.