ടെല്‍ അവീവ്: പശ്ചിമേഷ്യൻ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. ഭരണസിരാകേന്ദ്രങ്ങളെയടക്കം പ്രതിസന്ധിയിലാക്കുന്ന സൈബർ ആക്രമണമാണ് ഇപ്പോള്‍ ഇറാൻ നേരിട്ടിരിക്കുന്നത്.
പിന്നില്‍ ഇസ്രയേല്‍ കേന്ദ്രങ്ങളാണെന്ന അഭ്യൂഹങ്ങളുയരുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നുമില്ല. ഇസ്രയേലിനെ സഹായിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയതിനുപിന്നാലെയാണ് വ്യാപക സൈബർ ആക്രമണം നേരിട്ടത് എന്നതും ശ്രദ്ധേയമാണ്.സർക്കാർ സംവിധാനങ്ങള്‍ താറുമാറായെന്നും ആണവകേന്ദ്രങ്ങളെ സൈബർ ആക്രമണം ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. സുപ്രധാന രേഖകള്‍ ചോർത്തിയെന്നും വിവരമുണ്ട്.
ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ് ബ്രാഞ്ചുകള്‍ തുടങ്ങിയ ഇറാൻ സർക്കാരിന്റെ മൂന്ന് മേഖലകള്‍ കടുത്ത സൈബർ ആക്രമണത്തിന് വിധേയമായി. വിവരങ്ങള്‍ ചോർത്തപ്പെട്ടു- ഇറാൻ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബർസ്പേസിന്റെ മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു.
തങ്ങളുടെ ആണവനിലയങ്ങള്‍, ഇന്ധനവിതരണം, മുൻസിപ്പല്‍ നെറ്റ്വർക്കുകള്‍, ഗതാഗത ശൃംഖലകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ സമാന മേഖലകള്‍ ആക്രമികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഫിറൂസാബാദി പറഞ്ഞു.
ഇറാൻ 200 ഓളം മിസൈലുകള്‍ വർഷിച്ചതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. 'യാതൊരുവിധ പരിഗണനയുമർഹിക്കാത്ത, കൃത്യവും, ആശ്ചര്യകരവുമായ തിരിച്ചടി ഈ ആഴ്ചയില്‍ തന്നെ ഉണ്ടാകും'
എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് യു.എൻ. സുരക്ഷാ കൗണ്‍സിലില്‍ വെച്ച് പ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതിനെയൊക്കെ തിരിച്ചടിക്കാൻ പൂർണ്ണ സജ്ജമെന്നായിരുന്നു ഇറാൻ പ്രതിനിധി ആമിർ സഈദി ഇറാവാണി പറഞ്ഞത്.
ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ഇറാൻ ഭരണകേന്ദ്രങ്ങളിലടക്കം സൈബറാക്രമണം ആരംഭിച്ചത്. വ്യാപകമായ സൈബർ ആക്രമണത്തിന്റെ നാശനഷ്ടതോത് എത്രയെന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വ്യവസായ കേന്ദ്രങ്ങളുടെ സംവിധാനങ്ങള്‍ സ്തംഭിച്ചു, സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകളിലടക്കം സൈബർ ആക്രമണം കാര്യമായിത്തന്നെ ബാധിച്ചതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സൈബർ ആക്രമണം നേരിട്ട മേഖലകള്‍ പൂർവ്വസ്ഥിതിയിലെത്തിക്കാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരും.
ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയതിനുപിന്നാലെ ഇറാനെതിരേ യു.എസ് ശക്തമായ നടപടിയുമായി മുന്നോട്ട് വന്നിരുന്നു. ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്ബനികള്‍ക്കും കപ്പലുകള്‍ക്കും യു.എസ്. ഉപരോധമേർപ്പെടുത്തി.
ഇറാനില്‍ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായമേഖല തുടങ്ങിയവയ്ക്ക് മേലെയാണ് യു.എസിന്റെ പുതിയ വിലക്ക്. അമേരിക്ക ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരുന്നു.
ഇസ്രയേലിന് സഹായമേകുന്ന പക്ഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനെതിരേ ആക്രമണങ്ങളില്‍ ഇസ്രയേലിനെ സഹായിക്കാൻ അവരുടെ പ്രദേശങ്ങളോ വ്യോമാതിർത്തിയോ അനുവദിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ്. സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് ഇറാൻ മുന്നറിയിപ്പ് നല്‍കിയതായി ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനോടൊപ്പം തന്നെയാണ് ഇപ്പോള്‍ ഇറാനെതിരേ ശക്തമായ സൈബർ ആക്രമണം നേരിട്ടത് എന്നതും ശ്രദ്ധേയമാണ്.
ആശ്ചര്യകരമാകും രീതിയിലുള്ള തിരിച്ചടി എന്ന ഇസ്രയേലിന്റെ പ്രതിജ്ഞയ്ക്ക് പിന്നാലെയാണ് ഡിജിറ്റല്‍ പോർമുഖം തുറന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ പേജർ ആക്രമണവും വാക്കി ടോക്കി ആക്രമണവും സമാനമാരീതിയിലുള്ള പുതിയ പോർമുഖം തുറന്നിരുന്നു.
നമ്മള്‍ പുതിയ പോർമുഖം തുറക്കുകയാണ്. ഇതിന് ധൈര്യവും ദൃഢനിശ്ചയവും കഠിനപ്രയത്നവും ആവശ്യമാണ്',യോവ് ഗാലന്റ് സൈനികരോട് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ പേജർ, വാക്കിടോക്കി തുടങ്ങിയ ഉപകരണങ്ങള്‍ ലെബനനില്‍ വ്യാപകമായി പൊട്ടിത്തെറിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.