ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി തിരിച്ചടിയേറ്റതിന്റെ ഷോക്കിലാണ് കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കേവലഭൂരിപക്ഷവും പിന്നിട്ട് കുതിക്കുകയായിരുന്നു ലീഡ് നില.
എന്നാല്‍ പിന്നീടാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ബിജെപി ഹരിയാനയില്‍ കളം പിടിച്ചത്. വോട്ടെണ്ണലിന്റെ പ്രധാന റൗണ്ടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മണിക്കൂറുകളായി ലീഡ് നിലയിലെ മുന്നേറ്റം നിലനിര്‍ത്തുകയാണ് ബിജെപി. 90 അംഗ നിയമസഭയാണ് ഹരിയാനയിലേത്.46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 48 സീറ്റുകളില്‍ ആണ് ബിജെപിക്ക് ലീഡുള്ളത്. കോണ്‍ഗ്രസ് 36 ഇടത്തും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും മുന്നില്‍ നില്ക്കുന്ന പല മണ്ഡലങ്ങളിലും 1000 ത്തില്‍ കുറവ് മാത്രമാണ് ലീഡ്. അതിനാല്‍ തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു എന്നത് തീര്‍ച്ചയാണ്. ആം ആദ്മിയുടെ സാന്നിധ്യമാണ് ഇവിടെ കോണ്‍ഗ്രസിന് തിരിച്ചടിയായത്.
ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വെവ്വേറെയാണ് മത്സരിച്ചത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമായി എന്നാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
ബിജെപി ചെറിയ വോട്ടിന് ലീഡ് ചെയ്യുന്ന പലയിടത്തും ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത്. കൂടുതല്‍ സീറ്റ് ആപ്പ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ നല്കാന് കോണ്‍ഗ്രസ് തയ്യാറായില്ല.
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ മോശം പ്രകടനം കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസിന്റെ ഈ നീക്കം. മാത്രമല്ല ഡല്‍ഹി, പഞ്ചാബ് എന്നിവയെ അപേക്ഷിച്ച് ഹരിയാനയില്‍ എഎപിക്ക് ശക്തമായ സംഘടനാ സംവിധാനം ഇല്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല.
എങ്കിലും ഗുഹ്ല, പെഹോവ, ഷഹാബാദ്, കലയാത് എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിലെ പ്രകടനം പാര്‍ട്ടിയുടെ സ്വാധീനം വെളിവാക്കുന്നതായിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള എഎപി, ഡല്‍ഹിയുടെയും പഞ്ചാബിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന 34 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒമ്പത് ജില്ലകളില്‍ സ്വാധീനമുണ്ട് എന്ന് അവകാശപ്പെടുന്നുണ്ട്.
സോനിപത്, ഗുരുഗ്രാം എന്നിവ ഡല്‍ഹിയുടെ വശത്തും പഞ്ച്കുല, അംബാല, കുരുക്ഷേത്ര, കൈതാല്‍, ഫത്തേഹാബാദ്, ജിന്ദ്, സിര്‍സ ജില്ലകള്‍ പഞ്ചാബ് അതിര്‍ത്തിയിലുമാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ പ്രധാന വോട്ടുകളും ഇവിടങ്ങളില്‍ ആം ആദ്മിക്ക് ഭിന്നിപ്പിക്കാനായി എന്നാണ് നിലവിലെ ലീഡ് നിലയില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം ആം ആദ്മി പാര്‍ട്ടി ഇന്ത്യാ ബ്ലോക്കിനെ വഞ്ചിച്ചെന്നും ഹരിയാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് തുരങ്കം വെച്ചെന്നും രാജ്യസഭാ എംപിയായ സ്വാതി മലിവാള്‍ പറഞ്ഞു. ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എഎപിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ വിജയസാധ്യത ദുര്‍ബലപ്പെടുത്തുക എന്നത് മാത്രമായിരുന്നു എന്നും അവര്‍ ആരോപിച്ചു.
ഈ നീക്കത്തിലൂടെ എഎപി പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യം തകര്‍ക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ബിജെപിയുടെ പരാജയത്തിന് മുന്‍ഗണന നല്‍കുന്നതിനുപകരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാധ്യതകളെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ളവരെ ചില മണ്ഡലങ്ങളില്‍ തന്ത്രപരമായി എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നും സ്വാതി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.