കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും പത്രദൃശ്യമാധ്യമങ്ങളിലും നിറയുന്നൊരു പേരാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത്.
ജനപ്രതിനിധിയായ പിപി ദിവ്യയുടെ വാക്കുകള്‍ കേട്ട് മാനസികമായി മുറിവേറ്റാണ് നവീന്‍ ബാബു തന്റെ ജീവിതമവസാനിപ്പിച്ചത്. കണ്ണൂരിലെ സെന്റോഫ് കഴിഞ്ഞ് ഈയാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ വന്ന് ജോലിയില്‍ പ്രവേശിച്ച് കര്മനിരതനാകേണ്ടിയിരുന്ന നവീന്‍ സ്വന്തം നാട്ടിലേക്കെത്തിയത് ജീവനറ്റ ശരീരമായിട്ടാണ്.പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതടക്കമാണ് ദിവ്യ ആരോപണമുന്നയിച്ചത്. യാത്ര അയപ്പില്‍ നേരിട്ട അപമാനമവും വിമര്‍ശനവുമാണ് ഒരു ആത്മഹത്യയിലേക്ക് നവീന്‍ ബാബുവിനെ കൊണ്ടെത്തിച്ചത്.
പ്രമുഖരടക്കം പലരും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്നുണ്ട്. പലരും തങ്ങളുടെ രോഷം സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ സുകുമാരന്റെ ഭാര്യയും അഭിനേത്രിയുമായ മല്ലിക സുകുമാരന്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അറിയിക്കുകയാണ്. തലകുത്തി നിന്ന് മാപ്പ് പറഞ്ഞാലും അവര്‍ ചെയ്തത് തെറ്റാണെന്ന് തുറന്നടിക്കുകയാണ് മല്ലിക.
' ഇനിയവര്‍ തലകുത്തി നിന്ന് മാപ്പു പറഞ്ഞാലും, എന്റെയടുത്തത് പറയണ്ട. ഞാനതു സമ്മതിച്ചു കൊടുക്കില്ല. എന്താണോ അവര്‍ ചെയ്തത്, അത് തെറ്റാണ്. വിളിച്ചോ വിളിച്ചില്ലയോ ആര് വിളിച്ചോ അതൊന്നും എനിക്കറിയണ്ട. വന്നിട്ട് ഒരു മനുഷ്യന് സെന്റ് ഓഫ് കൊടുക്കുന്ന സ്ഥലത്തിരുന്ന് പറയേണ്ട ഒരു വര്‍ത്തമാനമല്ല ആ സ്ത്രീ പറഞ്ഞത്.
അവര്‍ക്കത് പറയാം, അയാളെ വിളിച്ച് മാറ്റി നിര്‍ത്തിയിട്ട്, 'നിങ്ങള്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തില്ലേ'' എന്ന്. അല്ലെങ്കില്‍ വകുപ്പ് മന്ത്രിയോട് പറയാം. അല്ലെങ്കില്‍ സര്‍ക്കാരിന് ഒരു കത്തെഴുതാം. അദ്ദേഹത്തെ സ്നേഹത്തോടെ യാത്രയയ്ക്കാന്‍ ഒരു പറ്റം ആള്ക്കാര് വന്നിരിക്കുകയായിരുന്നു. പത്തനംതിട്ട അദ്ദേഹത്തെ സ്വീകരിക്കാനിരിക്കുകയായിരുന്നു.
സത്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ യാത്ര ഒഴിവാക്കിയിരിക്കുന്നത്. ഇല്ലെങ്കില്‍ ഞാന്‍ പോയി കണ്ടേനേ. സത്യത്തില്‍ ആ ചിതയ്ക്കു ചുറ്റും ആ പെണ്‍കുഞ്ഞ് നടക്കുന്നതു കണ്ടപ്പോള്‍ ഒരു അമ്മയെന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും ചങ്ക് പൊട്ടിപ്പോയി...'' എന്നാണ് മല്ലിക പറയുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പൊലീസ് ചോദ്യം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ദിവ്യയുടെ അറസ്റ്റ് ഒഴിവാക്കാൻ പൊലീസില്‍ സമ്മർദം ശക്തമാണെന്നാണ് സൂചന. നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴി രേഖപ്പെടുത്തി.
നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു.പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.