കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയവരില്, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ച് ചില വ്യക്തികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ല.അതേസമയം പരാതികളില്‍ മതിയായ തെളിവുകളുണ്ടെങ്കില്‍, പരാതിക്കാര്‍ക്ക് ഇനി കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെങ്കിലും എസ്ഐടി മുഖേന അന്വേഷണം തുടരാന്‍ കഴിയുമോ എന്നതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയവരുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ സ്വകാര്യതയെ നമ്മള് മാനിക്കണം.
അതേ സമയം സര്‍ക്കാര്‍ വിഷയം പരിശോധിക്കണം. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികളില്‍ മതിയായ കാര്യങ്ങളും തെളിവുകളും ഉണ്ടെങ്കില്‍, പരാതിക്കാര്‍ താല്‍പ്പര്യപ്പെട്ടില്ലെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന് ഇതിന്മേല് അന്വേഷണവുമായി മുന്നോട്ടുപോകാനാവില്ലേയെന്ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ആരാഞ്ഞു.എസ്ഐടിയുമായി ബന്ധപ്പെട്ട ഇരകളില്‍ ഭൂരിഭാഗവും തങ്ങളുടെ തിക്താനുഭവങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ രഹസ്യമായി വെളിപ്പെടുത്തുകയായിരുന്നു.
ഇവരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോള്‍, പരാതിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ അറിയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ചൂണ്ടിക്കാട്ടി. ഇതിന് എന്തു ചെയ്യാന്‍ കഴിയും?.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാരിന് ഏര്‍പ്പെടുത്താം. എന്നാല്‍ ആരോപണവിധേയരായ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പരാതിക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ചലച്ചിത്ര നയത്തിന്റെ കരട് സമീപനരേഖ തയ്യാറാക്കാന്‍ സമിതി രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. വിവിധ സിനിമാ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കുന്നതിനായി ഒരു ഫിലിം കോണ്‍ക്ലേവ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സിനിമാ സംഘടനകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഉചിതമായ ചലച്ചിത്ര നയം സര്‍ക്കാര്‍ രൂപീകരിക്കും. സിനിമാ മേഖലയില്‍ നിയമപരമായ ആഭ്യന്തര പരാതി സമിതികള്‍ അടിയന്തരമായി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് സിനിമാ ലൊക്കേഷനുകളില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) നിര്‍ബന്ധമാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
സിനിമാ മേഖലയിലും സിനിമയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യവും അവസരങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ക്യാമ്പുകളിലും ചലച്ചിത്രപഠന പരിപാടികളിലും സ്ത്രീകളെ സിനിമയില്‍ പോസിറ്റീവായി അവതരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കെഎസ്എഫ്ഡിസി മുഖേന നടപ്പാക്കുന്ന വനിതാ ചലച്ചിത്ര നിര്‍മാണ പദ്ധതിയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ രീതിയാണ് പിന്തുടരുന്നത്. പദ്ധതിക്ക് കീഴില്‍ സ്ത്രീകള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്കായി പ്രതിവര്‍ഷം മൂന്ന് കോടി രൂപ അനുവദിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
സിനിമാ നയം രൂപീകരിക്കാന്‍ രൂപീകരിച്ച സമിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരെ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.