ഓച്ചിറ: കന്നിവെയിൽ മാഞ്ഞതോടെ പരബ്രഹ്മ ഭൂമിയിൽ കെട്ടുകാഴ്ചയുടെ വർണ വിസ്മയം പെയ്തിറങ്ങി. വെള്ളയിലും ചുവപ്പിലും കെട്ടി അലങ്കരിച്ച കെട്ടുകാളകൾ പുരുഷാരവത്തിന്റെ നടുവിലൂടെ കുടമണി കിലുക്കി വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പരബ്രഹ്മ ഭൂമിയിലെത്തിയതോടെ പടനിലത്തിന് ആവേശം.
കൂറ്റൻ കെട്ടുകാളകളെ കാണാൻ ലക്ഷങ്ങളാണ് പടനിലത്തെത്തിയത്. കൂറ്റൻ കെട്ടുകാളയായ ഞക്കനാൽ പടിഞ്ഞാറ് കരയുടെ 70 അടി ഉയരമുള്ള ‘വിശ്വപ്രജാപതി കാലഭൈരവൻ’ ക്രെയിൻ ഉപയോഗിച്ച് എഴുന്നള്ളിക്കുന്നതിനിടെ കാളമൂട്ടിൽ തകർന്നു വീണത് കരക്കാരെയും ഭക്തരെ വേദനിപ്പിച്ചെങ്കിലും വൻ സുരക്ഷയിൽ മറ്റ് കൂറ്റൻ കെട്ടുകാളകളെ പരബ്രഹ്മ സന്നിധിയിൽ ഇന്നലെ പുലർച്ചെയോടെ എഴുന്നള്ളിച്ചു ഭക്തർ സായുജ്യം നേടി.കെട്ടുകാളകളെ ഇന്നുകൂടി പടനിലത്ത് പ്രദർശിപ്പിക്കും. ഇന്നലെ പകൽക്കാഴ്ചയും കാളമൂട്ടിലെ കലാപരിപാടികളും കാണാൻ ആയിരങ്ങളെത്തി. ഇക്കുറി ആദ്യമായി പ്രയാർ പുലി കളി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തൃശൂർ പുലി കളി കാഴ്ചയുടെ മറ്റൊരു വിരുന്നായിരുന്നു. ഇക്കുറി ആദ്യം പടനിലത്ത് പ്രവേശിപ്പിച്ചത് അഴീക്കൽ കഴുകൻ തുരുത്ത് ശ്രീരുദ്ര കാളകെട്ട് സമിതിയുടെ കെട്ടുകാളയാണ്. തുടർന്ന് ആലുംപീടിക പൗരവേദി എത്തി.
ആദ്യമായി കെട്ടുകാള വലിയഴീക്കൽ – അഴീക്കൽ പാലം വഴി കടന്നു വന്നതും ചരിത്രത്തിന്റെ ഭാഗമായി. വലിയഴീക്കലിൽനിന്നു ‘തീര ത്രിലോകനാഥൻ’എന്ന കെട്ടുകാളയാണു എഴുന്നള്ളിയത്.ദേശീയപാതയുടെ വശത്ത് കൂറ്റൻ കെട്ടുകാള വീണതോടെ കെട്ടുകാളകളെ എഴുന്നള്ളിക്കുന്നതിന് തടസ്സം നേരിട്ടതിനാൽ കെട്ടുകാഴ്ചകൾ രാത്രി വൈകിയാണ് പടനിലത്ത് എത്തിയത്.ഇന്നലെ പുലർച്ചെയോടെ പടനിലത്ത് എത്തിയ കെട്ടുകാളകളെ കാഴ്ചയുടെ എല്ലാ സൗന്ദര്യവും ലഭിക്കുന്ന രീതിയിലാണ് കരക്കാർ അണിനിരത്തിയത്. ഇന്നും കെട്ടുകാഴ്ച കാണാൻ ജനങ്ങൾ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.