തിരുവനന്തപുരം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതോടെ വെമ്പായം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി.
പ്രസിഡന്റ് ബീനാ ജയനും വൈസ് പ്രസിഡന്റ് എസ്.ജഗന്നാഥപിള്ളയ്ക്കുമെതിരെ എൽഡിഎഫ് മൂന്നാംവട്ടം കൊണ്ടു വന്ന അവിശ്വാസ പ്രമേയാണ് 3 ബിജെപി അംഗങ്ങളുടെ പിന്തുണയോടെ പാസായത്. മുൻപ് രണ്ടുവട്ടം അവിശ്വാസ പ്രമേയം വന്നപ്പോഴും വിട്ടു നിന്ന ബിജെപി ഇത്തവണ എൽഡിഎഫിനൊപ്പം ചേരുകയായിരുന്നു.21 അംഗ ഭരണ സമിതിയിൽ എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 3, എസ്‌ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. എസ്‌ഡിപിഐ അംഗത്തിന്റെ പിന്തുണയിൽ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് ഇടതുകോട്ടയായിരുന്ന വെമ്പായം പഞ്ചായത്ത് ഭരണം പിടിച്ചത്.
അവിശ്വാസ പ്രമേയ ചർച്ചയിൽ ക്വാറം തികയാൻ 11 അംഗങ്ങൾ ഹാജരാകണമായിരുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫ്, എസ്‌ഡിപിഐ അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടു നിന്നു. എന്നാൽ എൽഡിഎഫിലെ 9 അംഗങ്ങൾക്കൊപ്പം 3 ബിജെപി അംഗങ്ങളും കൈകോർത്തതോടെ യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ പാളി.
തുടർന്ന് എൽഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനവും പിന്നാലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി. പ്രശ്നസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. 10 ദിവസത്തിനകം നോട്ടീസ് നൽകി പുതിയ പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും തിരഞ്ഞെടുക്കുമെന്നു നെടുമങ്ങാട് ബിഡിഒ സുരേഷ് കുമാർ പറഞ്ഞു.
വോട്ടെടുപ്പിൽ ബിജെപി നിലപാട് നിർണായകമാകും. അവിശ്വാസത്തെ പിന്തുണച്ച ബിജെപി തിരഞ്ഞെടുപ്പിലും എൽഡിഎഫിനെ പിന്തുണച്ചാൽ ഭരണം വീണ്ടും എൽഡിഎഫിന്റെ കയ്യിലാകും.ബിജെപി തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കുകയും എസ്‌ഡിപിഐ യുഡിഎഫിനുള്ള പിന്തുണ തുടരുകയും ചെയ്താൽ വീണ്ടും നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും. അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനം എടുക്കുമെന്നാണ് ബിജെപി നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.