കോഴിക്കോട്: ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ നൽകി കാലിക്കറ്റ് സർവകലാശാല.
2015 മുതൽ 2022-വരെയുള്ള കോഴ്‌സുകൾക്ക് അംഗീകാരമില്ലാത്തതിനാൽ ഭാരതിയാർ സർവകലാശാലയും യു.ജി.സി.യും തമ്മിൽ സുപ്രീംകോടതിയിൽ കേസ് നടക്കുകയാണ്. എന്നാൽ, കാലിക്കറ്റ് സർവകലാശാല വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തുല്യതാസർട്ടിഫിക്കറ്റിന് യോഗ്യതയുള്ള കോഴ്‌സുകളുടെ പട്ടികയിൽ ഭാരതീയാർ സർവകലാശാലയിലെ കോഴ്‌സുകളുണ്ട്. ഒക്ടോബർ നാലിന് പുറത്തിറക്കിയ പട്ടികയിലും സർവകലാശാല ഇത് ആവർത്തിച്ചിട്ടുണ്ട്.വ്യവസ്ഥകൾ പാലിക്കാത്തതിനാലും സംസ്ഥാനത്തിന് പുറത്ത് പഠനകേന്ദ്രങ്ങൾ തുടങ്ങിയതിനാലുമാണ് ഭാരതിയാർ സർവകലാശാലയുടെ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം നൽകാതിരുന്നത്. ഇതിനെതിരേ തമിഴ്‌നാട് ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടിയെങ്കിലും യു.ജി.സി. സുപ്രീകോടതിയെ സമീപിച്ചതോടെ അംഗീകാരം അനിശ്ചിതത്വത്തിലായി.
നേരത്തെ അണ്ണാമലൈ സർവകലാശാലയുടെ 2015 മുതലുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്നറിയിച്ച് 2022-ൽ യു.ജി.സി. പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അണ്ണാമലൈയുടെ കോഴ്‌സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത് കാലിക്കറ്റ് സർവകലാശാല നിർത്തുകയും വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.അതുവരെ തുല്യതാസർട്ടിഫിക്കറ്റുമായി സർക്കാർജോലിയിൽ കയറിയവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇവർ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്. അണ്ണാമലൈ സർവകലാശാലയിൽ പഠിച്ചവർ നേരിട്ട പ്രതിസന്ധി ഭാരതിയാറിൽ പഠിച്ചവർക്കും ഉണ്ടാവുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക് സർവകലാശാലകൾ തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കും. യു.ജി.സി.യുടെ അംഗീകാരമില്ലെങ്കിലും സർവകലാശാല തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നതോടെ പലരും ഇതുപയോഗിച്ച് ജോലിയിൽ കയറുന്ന സാഹചര്യമുണ്ടാകും. വർഷങ്ങൾക്കുശേഷം കോഴ്‌സിന് അംഗീകാരമില്ലെന്ന് യു.ജി.സി. പബ്ലിക് നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയ സർവകലാശാല കൈയൊഴിയുകയും വിദ്യാർഥികൾ പ്രതിസന്ധിയിലാകുകയും ചെയ്യും. അംഗീകാരം അനിശ്ചിതത്വത്തിലായ കോഴ്‌സിന് തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നതിനെതിരേ ഉന്നതവിഭ്യാഭ്യാസമന്ത്രിക്കും ഗവർണർക്കും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.
പരാതിയെത്തുടർന്ന് ഈ കോഴ്‌സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നത് രണ്ടാഴ്ചമുൻപ് താത്‌കാലികമായി നിർത്തിയെന്ന് കാലിക്കറ്റ് സർവകലാശാലയുടെ ഇക്വലൻസി ആൻഡ് മൈഗ്രേഷൻവിഭാഗം അധികൃതർ പറഞ്ഞു. തുല്യതാസർട്ടിഫിക്കറ്റ് നൽകുന്ന കോഴ്സുകളുടെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കേണ്ടത് സർവകലാശാലയുടെ അക്കാദമിക് കൗൺസിലാണെന്നും അധികൃതർ വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.