ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ കരവപ്പേട്ടയില് എക്സ്പ്രസ് ട്രെയിന്‍ ചരക്ക് തീവണ്ടിക്കുപിന്നില് ഇടിച്ചുകയറിയെങ്കിലും വന്‍ ദുരന്തം ഒഴിവാക്കിയത് പോലീസിന്റെ സമയോചിതമായ ഇടപെടലെന്ന് വിലയിരുത്തല്‍. മൈസൂരു-ദര്‍ഭംഗ എക്സ്പ്രസാണ് ചരക്ക് തീവണ്ടിക്കുപിന്നില് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും 12 കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തിരുന്നു.
അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റുവെങ്കിലും വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകാതിരുന്നത് അപകടം നടന്നയുടന്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന കൃത്യതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. തകര്‍ന്ന കോച്ചുകള്‍ വെട്ടിപ്പൊളിച്ച് അകത്തുകടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനും നിസാര പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാനുമുള്ള സൗകര്യങ്ങള്‍ പോലീസിന് ഉടന്‍തന്നെ ഒരുക്കാനായി.
അപകടമുണ്ടായതായി 8:32 ഓടെയാണ് തിരുവള്ളൂര്‍ എസ്.പി ശ്രീനിവാസ പെരുമാളിന് വിവരം കിട്ടിയത്. ഉടന്‍തന്നെ അപകടം നടന്ന സ്ഥലത്തിനടുത്തുള്ള കോളേജിലേക്ക് 20 ആംബുലന്‍സുകള്‍ സജ്ജമാക്കാനുള്ള നിര്‍ദ്ദേശം പോലീസ് നല്കി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനായി അടുത്തുള്ള മൂന്ന് ഹാളുകള്‍ സജ്ജമാക്കി. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് എത്തിക്കാനായി കോളേജ് അധികൃതര്‍ 15 കോളേജ് ബസുകളും സജ്ജമാക്കിയിരുന്നു. അപകട സ്ഥലത്തെത്തിയ പോലീസ് എ.സി കോച്ചുകള്‍ പൊളിച്ച് പത്തോളം യാത്രക്കാരെയാണ് പുറത്തെത്തിച്ചത്.
പതിനേഴ് കോച്ചുകളുള്ള ദര്‍ഭംഗ എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ്, തേര്‍ഡ് ക്ലാസ് എ.സി കോച്ചുകളിലടക്കം മറ്റ് ഏഴ് കോച്ചുകളിലാണ് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടങ്ങിരുന്നതെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ തകര്‍ന്ന കോച്ചുകള്‍ പൊളിച്ച് അകത്തുകയറിയ പോലീസ്, ശൗചാലയത്തിലടക്കം ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. യാത്രക്കാരെ കൃത്യമായി ഇടപെടലോടെ രക്ഷിച്ച തിരുവള്ളൂര്‍ പോലീസിന് അഭിനന്ദനങ്ങളായി തമിഴ്നാട് ഡിജിപി അടക്കം രംഗത്തെത്തിയിട്ടുണ്ട്. 1362 പേരാണ് അപകടത്തില്‍പ്പെട്ട തീവണ്ടിയിലുണ്ടായിരുന്നത്. ഇതില്‍ പരിക്കേറ്റത് 19 പേര്‍ക്ക് മാത്രമാണ്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വണ്ടി അതിവേഗത്തിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ മൂന്നു കോച്ചുകള്‍ക്ക് തീപിടിക്കുകയും 12 കോച്ചുകള്‍ പാളം തെറ്റുകയും ചെയ്യുകയായിരുന്നു. പ്രധാന ലൈനിലൂടെ പോകേണ്ട തീവണ്ടി ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിന് കവരപ്പേട്ടയില്‍ സ്റ്റോപ്പ് ഇല്ലായിരുന്നു. ചെന്നൈയില്‍നിന്ന് പുറപ്പെട്ടതിന് ശേഷം ലോക്കോ പൈലറ്റ് സിഗ്നലുകള്‍ കൃത്യമായി പിന്തുടര്ന്നിരുന്നു.
കവരപ്പേട്ടയില്‍വെച്ച് മെയിന്‍ ലൈന്‍ എടുക്കുന്നതിനുപകരം, സിഗ്നല്‍ അനുസരിച്ച് ട്രെയിന്‍ തെറ്റായി ലൂപ്പ് ലൈനിലേക്ക് മാറിയപ്പോള്‍ ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.