തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചിരുന്നു.
ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും.
വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ താമസിപ്പിക്കുന്നവരെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ടങ്ങളായി പുനരധിവസിപ്പിക്കുന്നവരുടെ കരട് ലിസ്റ്റ് വയനാട് ജില്ലാ കളക്ടർ പുറത്തുവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കിൽ ജോലി നൽകിയിരുന്നു. വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ളാർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്.
അതേസമയം, തൃശൂർ പൂരം വിവാദത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് തരത്തിലുള്ള അന്വേഷണമാണ് നടക്കുക. എ ഡി ജി പി അജിത് കുമാറിനെതിരെയുള്ള ആരോപണം ഡി ജി പി അന്വേഷിക്കും.ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും.പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇന്‍റലിജന്‍സ് മേധാവിക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.