ആലപ്പുഴ : പുറക്കാട് വില്ലേജിൽ മണ്ണുംപുറത്ത് പുനർഗേഹം പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റിനോട് മുഖംതിരിച്ച് മത്സ്യത്തൊഴിലാളികളിൽ ഒരുവിഭാഗം. ഗുണഭോക്താക്കളായി കണ്ടെത്തിയ 204 കുടുംബങ്ങളിൽ പലരും ഫ്ലാറ്റിൽ താമസിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീരത്തോട് ചേർന്ന് സ്ഥലം വാങ്ങി വീട് പണിയുന്നതിനാണ് ഭൂരിഭാഗം പേർക്കും താൽപര്യം.
എന്നാൽ, പുനർഗേഹം പദ്ധതി വഴി അനുവദിക്കുന്ന 10ലക്ഷം രൂപയിൽ ആറ് ലക്ഷം ഉപയോഗിച്ച് സ്ഥലംവാങ്ങണമെന്നും, നാല് ലക്ഷം രൂപയ്ക്ക് വീട് നിർമ്മിക്കണമെന്നുമുള്ള നിബന്ധന നിലവിലെ സ്ഥല, സാധന സാമഗ്രി വിലവർദ്ധനവിൽ മത്സ്യത്തൊഴിലാളികൾക്ക് പാലിക്കാനാവില്ല. 3.48ഏക്കർ സ്ഥലത്ത് പതിമൂന്ന് കെട്ടിടങ്ങളാണ് മണ്ണുംപുറത്ത് നിർമ്മിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിൽ 12 കുടുംബങ്ങൾക്ക് താമസിക്കാം. 20 കോടി രൂപയാണ് നിർമ്മാണച്ചെലവ്. തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല. ഏകീകൃത കുടിവെള്ള സംവിധാനം, ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക്, ചുറ്റുമതിൽ, ഇന്റർലോക്ക് പാകിയ നടപ്പാതകൾ, ടാർ റോഡ് എന്നിവയും ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭാഗമായുണ്ട്.
2019 ഫെബ്രുവരിയിൽ നിർമ്മാണോദ്ഘാടനം നടത്തിയ ഫ്ളാറ്റിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ഈ ഡിസംബറിൽ പൂർത്തിയാകുമെന്നാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഭൂരിഭാഗം ഫ്ലാറ്റുകളുടെയും പ്ലാസ്റ്ററിംഗ്, പ്ലമ്പിങ്ങ്, ജനാലകളും മുൻവശത്തെ വാതിലും ഘടിപ്പിക്കുന്ന ജോലികളടക്കം പൂർത്തിയായിട്ടുണ്ട്.
പുനർഗേഹത്തിന്റെ പുരോഗതി
2018-19ലെ സർവ്വേ പ്രകാരം തീരപ്രദേശത്ത് വേലിയേറ്റ പരിധിയിലുള്ളത് 4660 കുടുംബങ്ങൾ
പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കുന്നതിന് സമ്മതമറിയിച്ചത് 1212 കുടുംബങ്ങൾ
ഭവന നിർമ്മാണത്തിനായി ഭൂമി കണ്ടെത്തിയ ഗുണഭോക്താക്കൾ 860
ഭൂമി വാങ്ങി രജിസ്ട്രേഷൻ പൂർത്തീകരിച്ചത് 737 ഗുണഭോക്താക്കൾ
പദ്ധതി ധനസഹായം പൂർണ്ണമായും കൈപ്പറ്റിയ ഗുണഭോക്താക്കൾ 561
ഭവന നിർമ്മാണം പൂർത്തീകരിച്ചത് 350 ഗുണഭോക്താക്കൾ
പുതിയ ഭവനത്തിൽ താമസമാരംഭിച്ചവർ 302 കുടുംബങ്ങൾ
ഫ്ളാറ്റ്
വിസ്തൃതി 491 ചതുരശ്ര മീറ്റർ
രണ്ട് കിടപ്പുമുറി
ഒരു അടുക്കള
ഒരു ലിവിംഗ് /ഡൈനിംഗ് ഏരിയ
ടോയ്ലറ്റ്
69.995കോടി രൂപ
പുനർഗേഹം പദ്ധതിക്കായി ഇതുവരെ ഫിഷറീസ് വകുപ്പ് ചെലവഴിച്ചത്.
ഫ്ലാറ്റ് നിർമ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബറിൽ പണി പൂർത്തിയായേക്കും- ഫിഷറീസ് വകുപ്പ്
അഞ്ച് വർഷം കഴിഞ്ഞിട്ടും മണ്ണുംപുറത്തെ ഫ്ലാറ്റ് നിർമ്മാണം പൂർത്തീകരിച്ച് തുറന്ന് നൽകാത്തത് കടുത്ത വഞ്ചനയാണ്. പരമ്പരാഗ തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിന് പകരം അവരുടെ സംസ്‌ക്കാരത്തെയും തൊഴിലിടത്തെയും ഇല്ലായ്മ ചെയ്യുന്ന തരത്തിലുളളതായി പോയി ഫ്ലാറ്റ് നിർമ്മാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.