ബെംഗളൂരു: കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏകോപിപ്പിക്കുന്നതിലൂടെ മലയാളികൾക്ക് സുപരിചിതനായ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് തടവ് ശിക്ഷയും പിഴയും വിധിച്ചു പ്രത്യേക കോടതി. ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരമ്പയിര് കയറ്റി അയച്ചുവെന്ന കേസിലാണ് ശിക്ഷാ വിധി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് ശിക്ഷ വിധിച്ചത്.
സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെ ഏഴുപേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.സതീഷ് കൃഷ്ണ സെയിൽ എംഎൽഎയ്ക്ക് വിവിധ വകുപ്പുകളിലാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഗുഢാലോചനാ കുറ്റത്തിൽ അഞ്ച് വർഷമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. വഞ്ചനാ കുറ്റത്തിൽ ഏഴു വർഷം തടവും വിധിച്ചു. ഇതിന് പുറമേ മോഷണക്കുറ്റത്തിൽ മൂന്നു വർഷം തടവും വിധിച്ചിട്ടുണ്ട്. കേസിൽ 9.60 കോടി രൂപ പിഴയും പ്രത്യേക കോടതി വിധിച്ചു. തടവ് ശിക്ഷ രണ്ട് വർഷത്തിന് മുകളിലായതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം സതീഷ് കൃഷ്ണ സെയിലിന് എംഎൽഎ സ്ഥാനം നഷ്ടമാകും.
ഇരമ്പയിര് കടത്ത് കേസിൽ സതീഷ് കൃഷ്ണ സെയിൽ എംഎൽഎ ഉൾപ്പെടെ ഏഴുപേർ കുറ്റക്കാരാണെന്ന് ജസ്റ്റിസ് സന്തോഷ് ഗജാനനൻ ഭട്ട് വ്യാഴാഴ്ച വിധിച്ചിരുന്നു. ബെലകെരി തുറമുഖത്തെ ഡെപ്യൂട്ടി പോർട്ട് കൺസർവേറ്റർ മഹേഷ് ബിലിയേയും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആശാപുര മൈൻകെം ലിമിറ്റഡ് എംഡി ചേതൻ ഷാ, സ്വാസ്തിക് സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ കെവി നാഗരാജ്, കെവിഎൻ ഗോവിന്ദരാജ്, ശ്രീലക്ഷ്മി വെങ്കടേശ്വര മിനറൽസ് പാർട്ണർ കെ മഹേഷ് കുമാർ, ലാൽ മഹൽ ലിമിറ്റഡ് എംഡി പ്രേം ചന്ദ് ഗർഗ് എന്നിവരാണ് മറ്റ് പ്രതികൾ. പ്രതിയായിരുന്ന ഐഎൽസി ലിമിറ്റഡ് ഉടമ സോമശേഖർ മരണപ്പെട്ടിരുന്നു.
3100 മെട്രിക് ടൺ ഇരമ്പയിര് അനധികൃതമായി കടത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്. ഇതുവഴി സർക്കാരിന് 250 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് കേസ് അന്വേഷിച്ച സിബിഐ കോടതിയിൽ വാദിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷയും പിഴയും നൽകണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ കെഎസ് ഹേമ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.