കോട്ടയം: ഞായറാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ ഒരു പ്രഖ്യാപനം സിറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല, ഇന്ത്യക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. ആഗോള കത്തോലിക്കാ സഭയില്‍ 21 കര്‍ദിനാള്‍മാരെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയപ്പോള്‍ അതിലൊരാള്‍ ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് ആയിരുന്നു.
സാധാരണ മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മോണ്‍. ജോര്‍ജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയാണ് ജോര്ജച്ചന് സ്വന്തമായത്. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് സാധാരണ ഒരു വിശ്വാസിക്ക് (അല്മായന്) മാര്‍പ്പാപ്പയോ കര്‍ദിനാളോ ആകുന്നതിന് തടസമൊന്നുമില്ല.
പുതിയ മാര്‍പ്പാപ്പമാരുടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇങ്ങനെയൊരു ബോക്സ് വാര്‍ത്ത വരാറുമുണ്ട്.പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ അങ്ങനെ സംഭവിക്കുകയില്ല. വൈദികനെ നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്നതിനും സഭയില്‍ തടസമില്ല. ഇന്ത്യക്ക് പുറത്തുനിന്നുള്ള വൈദികര്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയില്‍ ഈ നിരയിലേക്കുയരുന്ന ആദ്യ വൈദികനെന്ന അത്യപൂര്‍വമായ നിയോഗമാണ് ജോര്ജച്ചന് ലഭിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദിനാള്‍മാരെ വിളിക്കുന്നത്. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത് 8 0വയസില്‍ താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ്. കാത്തലിക് എന്ന വാക്കിന്റെ അര്‍ത്ഥം യൂണിവേഴ്സല്‍ (എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്). റോമന്‍ കത്തോലിക്കാ സഭയും വ്യക്തിഗത സ്വഭാവ വിശേഷമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്കാ സഭ.
ഇതിലെ രണ്ടു പൗരസ്ത്യ സഭകളാണ് കേരളത്തില്‍ നിന്നുള്ള സിറോ മലബാര്‍ സഭയും സിറോ മലങ്കര സഭയും. സിറോ മലബാര്‍ സഭയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിറോ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമീസുമാണ് കേരളത്തില്‍ നിന്നുള്ള ഇപ്പോഴത്തെ കര്‍ദിനാള്‍മാര്‍. അവരുടെ നിരയിലേക്ക് കര്‍ദിനാളായാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടച്ചനും ഉയരുന്നത്.
2006- മുതല്‍ വത്തിക്കാന്‍ പ്രവര്‍ത്തനമണ്ഡലമാക്കിയ ജോര്ജച്ചന് ചങ്ങനാശ്ശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകാംഗമാണ്. വത്തിക്കാനില്‍ നിരവധി പദവികള്‍ വഹിച്ച അദ്ദേഹം ഇപ്പോള്‍ മാര്‍പ്പാപ്പയുടെ യാത്രാ ചുമതലകളുളള സ്റ്റേറ്റ് സെക്രട്ടറിയാണ്. 51 വയസെന്ന 'ചെറുപ്രായ'ത്തിലാണ് അദ്ദേഹം കര്‍ദിനാള്‍ പദവിയിലെത്തുന്നത്. സിറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല മലയാളികള്‍ക്കും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന പദവിയിലേക്കാണ് അദ്ദേഹം ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.