ഒറ്റപ്പാലം: ഒരാളുടെ മൊബൈൽ ഫോൺ നമ്പറിൽ നിന്ന് അവരറിയാതെ മറ്റൊരാളെ വിളിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും കഴിയുമോ?
‘സിം ക്ലോണിങ്’ ചെയ്താൽ ഇതു സാധ്യമാകും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പു സംഘങ്ങൾ ഇടപാടുകൾ നടത്താൻ ‘സിം ക്ലോണിങ്’ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണു സംസ്ഥാന പൊലീസിലെ സൈബർ വിഭാഗത്തിന്റെ നിഗമനം.
ക്ലോൺ ചെയ്യപ്പെട്ട നമ്പറുകളിൽ നിന്നു വിളിച്ചാണു പല സാമ്പത്തിക തട്ടിപ്പുകളും നടത്തുന്നതെന്ന സംശയമാണു ബലപ്പെടുന്നത്. ഫോണിന്റെ നിയന്ത്രണം പൂർണമായും മറ്റൊരാൾക്കു കൂടി ലഭിക്കുന്ന സംവിധാനം പലപ്പോഴും ഉടമ പോലും അറിയാറില്ല. ഫോണിൽ വരുന്ന എസ്എംഎസ് സന്ദേശങ്ങളും മറ്റും ശ്രദ്ധിക്കാത്തവർക്കു ക്ലോണിങ്ങിലൂടെ തന്റെ നമ്പർ മറ്റൊരാൾ ഉപയോഗിക്കുന്നതു തിരിച്ചറിയാനും പ്രയാസമാണ്.
പിന്നീടു നിയമക്കുരുക്കിൽപ്പെടുമ്പോഴാണു ചതിക്കുഴി തിരിച്ചറിയുക. സിം കാർഡിന്റെ യഥാർഥ ഉടമയ്ക്കെതിരെ കേസ് പോലും റജിസ്റ്റർ ചെയ്യപ്പെട്ടേക്കാം. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു സിം ക്ലോൺ ചെയ്യുന്നത്. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യഥാർഥ ഉടമയ്ക്ക് സന്ദേശം അയച്ചു ലിങ്കുകൾ നൽകും. ഇവയിൽ കയറിയാൽ ലഭിക്കുന്ന ഒടിപി നമ്പർ നൽകുന്നതോടെ ഫോൺ നമ്പറിന്റെ നിയന്ത്രണം തട്ടിപ്പുകാർ ഏറ്റെടുക്കും.
പിന്നെ യഥാർഥ ഉടമയ്ക്കു വരുന്ന ഫോണുകളും സന്ദേശങ്ങളുമെല്ലാം തട്ടിപ്പുകാർക്കു കൂടി ലഭിച്ചുതുടങ്ങും. കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ സേവനദാതാവിന്റെ ഒറ്റപ്പാലം നഗരത്തിലെ ഡീലറെ കബളിപ്പിച്ചു ബാങ്ക് അക്കൗണ്ടിലെ 5000 രൂപ ദുരുപയോഗം ചെയ്തു 11 മൊബൈൽ നമ്പറുകൾ തട്ടിപ്പു സംഘം റീചാർജ് ചെയ്തിരുന്നു.
തട്ടിപ്പുസംഘം ഉപയോഗിക്കുന്നതെന്നു കരുതുന്ന ഈ 11 നമ്പറുകളും സിം ക്ലോൺ ചെയ്യപ്പെട്ടവയാണെന്ന സംശയം ബലപ്പെടുകയാണ്. അന്വേഷണം യഥാർഥ ഉടമയിലെത്തുമ്പോൾ ഈ തട്ടിപ്പുകളെ സംബന്ധിച്ച് ഇവർ അറിയാത്ത സാഹചര്യമാകും.
ശ്രദ്ധിക്കാം ഇവ:
ഫോണിൽ വരുന്ന പരിചിതമല്ലാത്ത ലിങ്കുകളിൽ കയറുകയോ ഒടിപി നമ്പർ നൽകുകയോ ചെയ്യരുത്.
അസാധാരണമായ രീതിയിൽ ഒടിപി സന്ദേശങ്ങളും ലിങ്കുകളും തുടർച്ചയായി വരുന്നതുകണ്ടാൽ ജാഗ്രത വേണം.
ഉടമയറിയാതെ സ്വന്തം നമ്പറിൽ നിന്നു മറ്റൊരാൾക്കു കോളോ സന്ദേശങ്ങളോ പോയെന്നറിഞ്ഞാൽ ഉടൻ പൊലീസിനെ സമീപിക്കണം.
പിന്നാലെ ടെലികോം സേവനദാതാവിനെ സമീപിച്ചു സിം ബ്ലോക്ക് ചെയ്ത് ഡ്യൂപ്ലിക്കറ്റ് സിം എടുത്താൽ ക്ലോണിങ് കുരുക്കിൽ നിന്ന് ഒഴിവാകാം.
യുവാവ് ‘സിം ക്ലോണിങ്ങി’ന് ഇരയാക്കപ്പെട്ട സംഭവം ഒറ്റപ്പാലത്തും റിപോർട്ട് ചെയ്യപ്പെട്ടു.മ കൊല്ലം സ്വദേശിയായ സ്ത്രീക്ക് ഇയാളുടെ നമ്പറിൽ നിന്നു നിരന്തരം ഫോൺ വിളികൾ വരുന്നുവെന്നതായിരുന്നു പരാതി. നിരപരാധിത്വം തെളിയിക്കാനായി കോൾ ചെയ്തതിന്റെ വിവരങ്ങൾ അറിയാൻ മൊബൈൽ ഫോൺ സേവനദാതാക്കളെ സമീപിച്ചപ്പോൾ അത്തരം ഒരു കോൾ ഈ സിമ്മിൽ നിന്നു പോയിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെ യുവാവ് പൊലീസ് സൈബർ വിഭാഗത്തെ സമീപിച്ചപ്പോഴാണു തട്ടിപ്പു തിരിച്ചറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.