കണ്ണൂര്‍: യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിൽ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമല്ലെന്ന് കോടതി വ്യക്തമാക്കി.
മരിച്ച വ്യക്തി സത്യസന്ധതയില്ലാത്ത ആളാണെന്നോ കൈക്കൂലി വാങ്ങിയെന്നോ ദിവ്യയ്ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ നിയമവഴി സ്വീകരിക്കേണ്ടിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിന്റേതായ സംവിധാനങ്ങളും അധികാരികളുമുണ്ട്. ആരും നിയമം കൈയിലെടുക്കാന്‍ പാടില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ടായിരുന്നെങ്കില്‍, ദിവ്യയെപ്പോലെ അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തക ഉചിതമായ ഫോറത്തേയോ അധികാരികളേയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത്. അങ്ങനെ ചെയ്യുന്നതിന് പകരം, അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കുയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് അധിക്ഷേപപരാമര്‍ശം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് എ.ഡി.എം. എന്‍.ഒ.സി. ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ദിവ്യ തന്നോട് പറഞ്ഞതായി കളക്ടര്‍ മൊഴി നല്കി. ഇക്കാര്യത്തില്‍ പരാതിക്കാരുടെ രേഖാമൂലമുള്ള പരാതിയോ തെളിവോ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ ദിവ്യ പരാതി പരിശോധിക്കണമെന്ന് പറഞ്ഞു. തെളിവോ വ്യക്തമായ ബോധ്യമോ ഇല്ലെങ്കില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയതായി വിധി പകര്‍പ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.