തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമേ അവസരമൊരുക്കൂ എന്ന മുഖ്യമന്ത്രിയുടെ നേൃത്വത്തിലെടുത്ത തീരുമാനം നടപ്പിലാക്കുമെന്ന് ദേവസ്വം ബോര്‍ഡ്. അതേസമയം മാലയിട്ട് എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനുള്ള അവസരം ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് പകരം സംവിധാനമൊരുക്കുന്നത് സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.
സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെയാണ് ബോര്‍ഡിന്റെ മനംമാറ്റം. മാത്രമല്ല ബുക്ക് ചെയ്തിട്ടും വരാതെ ഇരിക്കുന്നവര്മൂലം മറ്റ് ഭക്തര്‍ക്ക് അവസരം നഷ്ടപ്പെടുന്നതും കാനന പാത വഴി നടന്നുവരുന്നവര്‍ക്ക് ബുക്ക് ചെയ്ത സമയത്ത് എത്താന്‍ സാധിക്കാത്തതുമൊക്കെ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതൊക്കെ കണക്കിലെടുത്താണ് വെള്ളിയാഴ്ച രാവിലെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് സ്പോട്ട് ബുക്കിങ്ങിന് പകരം സംവിധാനമൊരുക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. തിരക്ക് നിയന്ത്രിക്കാനും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷയെ കരുതി വെര്‍ച്വല്‍ ക്യൂവിന് പ്രാധാന്യം കൊടുക്കാതിരിക്കാന്‍ സാധിക്കില്ല.
സ്പോട്ട് ബുക്കിങ്ങ് അശാസ്ത്രീയമാണെന്നും ഇതുവഴി സന്നിധാനത്തെത്തുന്ന ഭക്തരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. അതിനാല്‍ സ്പോട്ട് ബുക്കിങ് ഇത്തവണ മുതല്‍ ഉണ്ടാകില്ല. എന്നാല്‍ വ്രതം നോറ്റ്, മാലയിട്ട് എത്തുന്ന എല്ലാ ഭക്തരെയും സന്നിധാനത്ത് ദര്‍ശനത്തിന് അവസരമൊരുക്കാന്‍ സര്‍ക്കാരുമായി ആലോചിച്ച് സംവിധാനമൊരുക്കുമെന്നും ഉറപ്പ് നല്കി.
അതായത് സ്പോട്ട് ബുക്കിങ്ങിന് പകരം മറ്റൊരു സംവിധാനം ഭക്തര്‍ക്ക് വേണ്ടി ഒരുക്കേണ്ട വിഷയത്തില്‍ പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലെത്തി. വിഷയം വൈകാരികമാകുന്നതിന് മുമ്പ് പരിഹരിക്കേണ്ടത് ഇനി സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറി.
സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തരുടെ വിവരം കൃത്യമായി ലഭിക്കില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അത് വേണ്ടെന്നുവെക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലെടുത്ത തീരുമാനം. ഇത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പോലീസിന്റെ തടസവാദം. ഇത്തരം സാങ്കേതിക കാരണങ്ങളില്‍ പിടിച്ചാണ് സര്‍ക്കാര്‍ സ്പോട്ട് ബുക്കിങ് വേണ്ടെന്ന കടുംപിടുത്തത്തിലെത്തിയത്. അക്കാര്യത്തില്‍ ഒരു മൃദു സമീപനം വേണമെന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.
പരമാവധി സന്നിധാനത്ത് എത്താവുന്ന ഭക്തരുടെ എണ്ണം 80,000 എന്നതില്‍ മാറ്റമില്ല എന്ന് പ്രസിഡന്റ് വ്യക്തമാക്കി. തിരക്ക് കാരണം ഭക്തരെ വഴിയില്‍ തടഞ്ഞിടേണ്ട സാഹചര്യമുണ്ടായപ്പോഴെല്ലാം സ്പോട്ട് ബുക്കിങ് ക്രമാതീതമായി വര്‍ധിച്ചതായി കണ്ടെത്തി. ഇക്കാരണത്താലാണ് അത് ഇത്തവണമുതല്‍ വേണ്ട എന്ന് തീരുമാനിച്ചത്. ഇതിന് മറ്റ് സംസ്ഥാനങ്ങളില്‍ വേണ്ടത്ര പ്രചാരണം നല്‍കുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു.
വിര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ ധാരണയുണ്ടാകും. അതനുസരിച്ച് തിരക്ക് നിയന്ത്രിക്കാനും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കാനും സാധിക്കും. ഭക്തര്‍ക്ക് ആവശ്യമായ അപ്പം അരവണ എന്നിവ കണക്കനുസരിച്ച് സംഭരിച്ച് വെക്കാനാകും. ഓണ്‍ലൈനായി മുന്‍കൂട്ടി ഇവ വാങ്ങാനും സാധിക്കുമെന്നതിനാല്‍ അവര്‍ക്ക് വേണ്ടി മുന്‍കൂട്ടി ഒരുക്കങ്ങള്‍ നടത്താം. ഇത് സന്നിധാനത്തെ തിരക്ക് കുറയ്ക്കും.
മാത്രമല്ല ബുക്കിങ് സ്റ്റാറ്റസ് മുന്‍കൂട്ടി അറിയാമെന്നതിനാല്‍ തിരക്ക് കുറഞ്ഞ ദിവസം നോക്കി ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കാം. എത്തുന്ന എല്ലാ ഭക്തരെയും പറ്റിയുള്ള വിവരങ്ങള്‍ ബുക്കിങ്ങിലൂടെ ലഭ്യമാകുമെന്നതിനാല്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് കൂട്ടംതെറ്റിപ്പോകുന്നവരെയോ, അപകടത്തില്പെടുന്നവരെയോ കണ്ടെത്താന്‍ ഉപയോഗിക്കാം.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് വേണ്ടി മറ്റ് സംസ്ഥാനങ്ങളില്‍ ജനസേവന കേന്ദ്രങ്ങള്‍ പോലുള്ളവ ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ ശബരിമല ഇടത്താവളങ്ങളില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ലളിതമായി ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ സംവിധാനം പരിഷ്കരിക്കും. എന്നീ കാര്യങ്ങളാണ് ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂവിനെ അനുകൂലമായി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.