തിരുവനന്തപുരം: തൃശ്ശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ കാണികളുടെ രക്ഷകനായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നും പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂർ പൂരംകലക്കൽ വിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ എൻ.ഡി.എ. സ്ഥാനാർഥിക്ക് പൂരപ്പറമ്പിലേക്ക് എത്താൻ കഴിയില്ല. എഡിജിപി എം.ആർ.അജിത് കുമാർ ഉത്തരവ് നൽകാതെ ഇതിന് പോലീസ് അനുമതി നൽകുമോ? സുരേഷ് ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്'- അദ്ദേഹം വിമർശിച്ചു.
പൂരം നടത്തിപ്പിൽ സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകളേയും തിരുവഞ്ചൂർ സഭയിൽ വിശദീകരിച്ചു. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പോലീസ് കൈകാര്യം ചെയ്തത്.
ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പോലീസ് കമ്മീഷ്ണറാക്കിയത് സംസ്ഥാന സർക്കാരാണ്. ദേവസ്വം ബോർഡ് ജീവനക്കാരെ ഉൾപ്പടെ തടഞ്ഞത് ബോധപൂർവം ആരോ പൂരം കലക്കി എന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
പൂരം കലക്കലിൽ പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണം എന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച സഭയിൽ പുരോഗമിക്കുകയാണ്. സഭാസമ്മേളനം ആരംഭിച്ച് തുടർച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് സർക്കാർ അനുമതി നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.