വടക്കഞ്ചേരി: ദേശീയപാത 544-ല്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ചീക്കോട് മുതല്‍ വാണിയമ്പാറ വരെ 12 കിലോമീറ്റര്‍ ദൂരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ മരിച്ചത് 36 പേര്. പാതയില്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി പോലീസ് ദേശീയപാത അതോറിറ്റിക്ക് നല്കിയ കത്തിലെ കണക്കാണിത്. നീലിപ്പാറയില്‍ റോഡരികിലൂടെ നടന്നുപോയ രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
ദേശീയപാതയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്നതിനാല് യാത്രക്കാര്‍ ആശങ്കയിലാണ്. മംഗലംപാലം, എരേശന്കുളം, അഞ്ചുമൂര്‍ത്തിമംഗലം, കാരയങ്കാട്, പന്തലാംപാടം, ചീക്കോട്, അണയ്ക്കപ്പാറ, റോയല്‍ ജങ്ഷന്, വാണിയമ്പാറ, ശങ്കരന്‍കണ്ണന്‍തോട്, മേരിഗിരി, പന്നിയങ്കര എന്നിവിടങ്ങളിലാണ് പതിവായി അപകടങ്ങള്‍ നടക്കുന്നതെന്ന് കത്തില്‍ പറയുന്നു.
വാണിയമ്പാറ മുതല്‍ പന്നിയങ്കര വരെ തുടര്‍ച്ചയായി സര്‍വീസ് റോഡില്ലാത്തതിനാല്‍ വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നതിനുവേണ്ടി എതിര്റോഡിലേക്ക് തിരിയുന്ന സമയത്താണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് പോലീസിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
മംഗലംപാലം മുതല്‍ ചീക്കോട് വരെയുള്ള ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നതിനായി മേല്‍പ്പാലങ്ങള്‍ ഇല്ലാത്തതും വഴിവിളക്കുകളുടെ കുറവുമാണ് അപകടത്തിനിടയാക്കുന്നതെന്നും പോലീസ് നല്കിയ കത്തില്‍ പറയുന്നു.
പോലീസ് ആവശ്യപ്പെട്ട പ്രധാനകാര്യങ്ങള്‍;
- വാണിയമ്പാറ മുതല്‍ പന്നിയങ്കര വരെ മുഴുവന്‍ ദൂരത്തിലും സര്‍വീസ് റോഡ് നിര്‍മിക്കണം.
- വാണിയമ്പാറയില്‍ അടിപ്പാതാനിര്മാണം വേഗത്തിലാക്കണം
- ദേശീയപാതയുടെ വശങ്ങളില് കാഴ്ച മറയ്ക്കുന്ന ചെടികള്‍ വെട്ടിമാറ്റണം.
- പന്നിയങ്കര ടോള്‍ കേന്ദ്രത്തിനു സമീപമുള്ള അനധികൃത പാര്‍ക്കിങ് ഒഴിവാക്കണം.
- പാര്‍ക്കിങ്ങിനായി പ്രത്യേക സ്ഥലം ഒരുക്കണം.
- ചീക്കോട് മുതല്‍ മംഗലംപാലം വരെ വഴിവിളക്കുകളും നടപ്പാലങ്ങളും നിര്‍മിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.