പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ സുരേഷ് കുമാർ (45) എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും വിധിച്ച് കോടതി. ഇതരജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്.
വിവാഹത്തിന്റെ 88ാം ദിവസം അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുരേഷാണ് ഒന്നാംപ്രതി. പ്രഭുകുമാർ രണ്ടാം പ്രതിയും. 2020 ഡിസംബർ 25ന് വൈകിട്ടാണ് സംഭവം. സാമ്പത്തികമായി ഉയർന്ന ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതാണ് കൊലയ്ക്ക് കാരണം.പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂൾ കാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. വിവാഹശേഷം ഹരിതയുടെ ബന്ധുക്കൾ പല തവണ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. അനീഷിനെ മൂന്ന് മാസത്തിനകം ഇല്ലാതാക്കുമെന്ന് സുരേഷ് ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാരും പറഞ്ഞു.
സംഭവ ദിവസം ബൈക്കിൽ കടയിലേക്ക് പോയതായിരുന്നു അനീഷും സഹോദരനും. പ്രഭുകുമാറും സുരേഷും ചേർന്ന് ഇരുവരെയും ആക്രമിച്ചു. വടിവാളും കമ്പിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അനീഷിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അനീഷ് മരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രഭുകുമാർ കോയമ്പത്തൂരിലെ ബന്ധുവീട്ടിലേക്ക് കടന്നിരുന്നു. അവിടെവച്ചാണ് ഇയാളെ പിടികൂടിയത്.
അച്ഛനും അമ്മാവനും തൂക്കുകയർ നൽകണമെന്നാണ് അനീഷിന്റെ ഭാര്യ ഹരിത ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ വിധിച്ച ശിക്ഷ കുറവാണെന്നാണ് ഹരിത പറഞ്ഞു. തനിക്കും വധ ഭീഷണി നേരിടുന്നുണ്ടെന്ന് ഹരിത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.