മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത രൂക്ഷമാവുന്നു. വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തിനിടെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ അജിത് പവാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിയപ്പോയതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിക്കാനുദ്ദേശിക്കുന്ന സുപ്രധാന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിവരിക്കുമ്പോഴായിരുന്നു പ്രശ്നത്തിന് തുടക്കം. പദ്ധതികള്‍ തനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ അജിത് പവാര്‍, ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഷിന്‍ഡെയും പവാറും തമ്മില്‍ വാക്പോര് നടന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, വോട്ടര്‍മാരെ കയ്യിലെടുക്കുക പരിഗണിച്ച് കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് മഹായുതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഏതാനും പദ്ധതികള്‍ കഴിഞ്ഞ കാബിനറ്റ് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ മണ്ഡലമായ ബാരാമതിയിലെ ചില പദ്ധതികളും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ് അജിത് പവാറിന്റെ എതിര്‍പ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ബാരാമതിയിലെ പദ്ധതികളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ ശരദ് പവാറിന്റെ ഓഫീസില്‍ നിന്ന് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി വന്നതാണെന്നാണ് അജിത് പവാറിന്റെ കണക്കുകൂട്ടല്‍. പിന്നീട് 38 നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും, ഇതില്‍ ബാരാമതിയിലെ പദ്ധതി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തതയില്ല. അതേസമയം മന്ത്രിസഭായോഗത്തില്‍ നിന്നും പിണങ്ങി ഇറങ്ങിപ്പോയെന്ന വാര്‍ത്ത അജിത് പവാര്‍ നിഷേധിച്ചു.
ലാത്തൂരിലെ ഉദ്ഗിര്‍ മണ്ഡലത്തിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍, മുഖ്യമന്ത്രി ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും അനുമതിയോടെയാണ് കാബിനറ്റ് യോഗത്തില്‍ നിന്നും പോയത്.
ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു വിമാനം. അതിനാലാണ് മന്ത്രിസഭായോഗത്തില്‍ നിന്നും നേരത്തെ ഇറങ്ങേണ്ടി വന്നതെന്നും അജിത് പവാര്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി ഷിന്‍ഡെയുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അജിത് പവാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഈ മാസം ഇലക്ഷൻ കമ്മീഷന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.