ടെല്‍ അവീവ്: ഇറാനിയന്‍ ജനതയ്ക്ക് സന്ദേശം നല്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന് ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്കിയ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇറാന് പിന്തുണയ്ക്കുന്നുവെന്ന് ആരോപണമുള്ള ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ അസാധാരണ സന്ദേശം.
'എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങള്‍ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു' നെതന്യാഹു പറഞ്ഞു. ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്.
ഇറാന്റെ പാവകള്‍ ഇല്ലാതായാകുകയാണെന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ലെന്നും മുന്നറിയിപ്പ് നല്കി. 'ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എവിടെ വരെയും പോകും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓരോ നിമിഷവും കുലീനരായ പേര്‍ഷ്യന്‍ ജനതയെ നിങ്ങളുടെ ഭരണകൂടം അഗാധത്തിലേക്കാണ് എത്തിക്കുന്നത്. ഇറാന്‍കാരില്‍ ബഹുഭൂരിപക്ഷത്തിനും അവരുടെ ഭരണകൂടം തങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാം. അവര്‍ക്ക് നിങ്ങളെ കുറിച്ച് ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ പശ്ചിമേഷ്യയില്‍ ഉടനീളമുള്ള വ്യര്‍ത്ഥമായ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ പാഴാക്കുന്നത് അവര്‍ അവസാനിപ്പിക്കുമായിരുന്നു.
അത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കുമായി ഭരണകൂടം പാഴാക്കിയ പണമെല്ലാം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നിങ്ങളുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിക്ഷേപിച്ചിരുന്നെങ്കിലെന്ന് സങ്കല്‍പ്പിക്കുക' ഇറാനികളോടായി നെതന്യാഹു പറഞ്ഞു.
ഇറാന് ഒടുവില്‍ സ്വതന്ത്രമാകുമെന്നും ആ നിമിഷം ആളുകള്‍ കരുതുന്നതിലും വളരെ വേഗത്തിലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതോടെ എല്ലാം വ്യത്യസ്തമായിരിക്കും 'നമ്മുടെ രണ്ട് പുരാതന ജനത, ജൂത ജനതയും പേര്‍ഷ്യന്‍ ജനതയും ഒടുവില്‍ സമാധാനത്തിലാകും. ഇസ്രായേലും ഇറാനും സമാധാനത്തിലായിരിക്കും' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ആ ദിവസം വരുമ്പോള്‍, അഞ്ച് ഭൂഖണ്ഡങ്ങളിലായി ഭരണകൂടം കെട്ടിപ്പടുത്ത ഭീകര ശൃംഖല പാപ്പരാവും, തകര്‍ക്കപ്പെടും. ഇറാന് മുമ്പെങ്ങുമില്ലാത്തവിധം അഭിവൃദ്ധിപ്പെടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ലെബനനിലേക്കോ പലസ്തീന് ഭൂപ്രദേശങ്ങളിലേക്കോ ഇറാന്റെ സൈന്യത്തെ അയക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഇസ്രയേലിനെതിരേ പൊരുതാനുള്ള ശേഷി അവിടത്തെ പോരാളികള്ക്കുണ്ടെന്നും ഇറാന് വിദേശകാര്യവക്താവ് നാസര്‍ കനാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.