പാലക്കാട് : ഉപതിരഞ്ഞെടുപ്പ് അടുത്ത പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫിനേയും കോൺഗ്രസിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കത്തിൽകുത്ത് രാഷ്ട്രീയം. സ്ഥാനാർഥി നിർണയത്തിനായി ഡിസിസി നേതൃത്വം ഹൈക്കമാൻഡിന് നൽകിയ സ്ഥാനാർഥി നിർദേശ കത്തും എൽ.ഡി.എഫിനെതിരേ ബിജെപി നേതാവ് സന്ദീപ് വാര്യർ പുറത്തുവിട്ട കത്തുമാണ് ഇരുപാർട്ടികളേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്.
1991 മുതൽ 95 വരെ പാലക്കാട് മുൻസിപ്പാലിറ്റി സി.പി.എം ഭരിച്ചത് ബി.ജെ.പി പിന്തുണയോടെയായിരുന്നു എന്നാണ് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരുടെ ആരോപണം. അന്ന്, പാലക്കാട് മുൻസിപ്പൽ ചെയർമാൻ എം.എസ്. ഗോപാലകൃഷ്ണൻ പിന്തുണ അഭ്യർഥിച്ചു കൊണ്ട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ടി.ചന്ദ്രശേഖരന് അയച്ച കത്ത് തന്റെ പക്കലുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു കത്തില്ലെന്നും ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും സി.പി.എം. നേതാവ് നിതിൻ കണിച്ചേരി വെല്ലുവിളിച്ചു. ഇതിനു പിന്നാലെയാണ് ബി.ജെ.പി. ജില്ലാ നേതൃത്വത്തിന് അന്ന് സി.പി.എം. നൽകിയത് എന്ന് അവകാശപ്പെട്ടു കൊണ്ട് സന്ദീപ് വാര്യർ കത്ത് പുറത്തുവിട്ടത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് ഇത് പ്രധാന ആയുധമാക്കി കൊണ്ടുവരാനിരിക്കെയാണ് കോൺഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് ഡി.സി.സി. നേതൃത്വം ഹൈക്കമാൻഡിന് നൽകിയ കത്തും പുറത്തു വരുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണം എന്നാണ് ഡി.സി.സി. പ്രസിഡന്റ് ഹൈക്കമാൻഡിന് നൽകിയ കത്തിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എ.ഐ.സി.സി. നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തുവന്നത്. ഇതോടെ യു.ഡി.എഫ്. ക്യാമ്പ് ഒന്നടങ്കം പ്രതിരോധത്തിലായി. കത്ത് പുറത്തുവന്നതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.
ബി.ജെ.പി.യെ തുരത്താന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നും ഡി.സി.സി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണ് ഇതെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാൽ ഡിസിസിയുടെ തീരുമാനം തള്ളിക്കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പാലക്കാട് പ്രഖ്യാപിക്കുന്നത്. ഇതിനുപിന്നാലെ കോൺഗ്രസിൽ ഭിന്നതയും ഉടലെടുത്തിരുന്നു. പാർട്ടി വിട്ട പി സരിൻ ഇടതുപക്ഷ സ്ഥാനാർഥിയായി.
രാഹുലിനെ സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ എം.പിയുമടങ്ങുന്ന കോക്കസ് പ്രവർത്തിച്ചുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. കോൺഗ്രസ് വിട്ട പി. സരിനും എ.കെ. ഷാനിബുമടക്കം ഇക്കാര്യങ്ങൾ ആരോപിച്ചിരുന്നു. തങ്ങൾ ഉന്നയിച്ച വിഷയം കത്ത് പുറത്തുവന്നതിലൂടെ വ്യക്തമായെന്നാണ് പി. സരിൻ പ്രതികരിച്ചത്.
എന്നാൽ, കെ. മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. അത് നേതൃത്വത്തിന് അറിയുന്ന കാര്യമാണ്. ആ കത്ത് ഞാന്‍ കണ്ടിട്ടില്ല, അതിലെ വിശദാംശങ്ങളും അറിയില്ല. മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുരളീധരനെ പോയി കണ്ടതാണ്. ഇതിലൊക്കെ എന്താണ് വാര്‍ത്താ പ്രധാന്യമെന്ന് മനസിലാകുന്നില്ലെന്നായിരുന്നു രാഹുൽ പ്രതികരിച്ചത്.
കത്തിൽ ഇനി ചർച്ചയൊന്നും വേണ്ട എന്നാണ് കെ. മുരളീധരൻ പറയുന്നത്. എന്നാൽ പാലക്കാട്ടെ തിരഞ്ഞെടുപ്പിന് കെ മുരളീധരൻ എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നേരത്തെ പറഞ്ഞതിൽ നിന്ന് വാക്ക് വ്യതിയാനവും കത്ത് പുറത്തുവന്നതിന് പുന്നാലെ മുരളീധരന് സംഭവിച്ചിട്ടുണ്ട്. ഒന്നാം തീയതി മുതൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും വയനാട്ടിൽ നിന്ന് പ്രചാരണം ആരംഭിക്കുമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്. ബാക്കി കാര്യങ്ങൾ പരിപാടികൾ ക്രമീകരിച്ച ശേഷമെന്നായിരുന്നു മറുപടി.
എന്നാൽ കത്ത് പുറത്തുവന്നതിന് പിന്നാലെ താൻ പാലക്കാട്ട് പോകുമോ എന്ന കാര്യത്തിൽ ഒരു വ്യക്തതയും പറയാൻ മുരളീധരൻ തയ്യാറായില്ല. തന്റെ നേരിട്ടുള്ള സാന്നിധ്യം ഇല്ലെങ്കിലും അവിടെ യു.ഡി.എഫിന് ഒരു കുഴപ്പവുമില്ല. ആ സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ടി എല്ലാ സഹായവും എന്റെ ഭാഗത്ത് നിന്നുണ്ടാവും. പാലക്കാട്ട് പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും വയനാട്ടിലെ പ്രചാരണം മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.
കെ മുരളീധരനായിരുന്നു പാലക്കാട്ടെ സ്ഥാനാർഥിയെങ്കിൽ മത്സരചിത്രം തന്നെ മാറിയേനെ എന്ന പ്രതികരണവുമായി മുൻ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ് രംഗത്തെത്തി. ഡി.സി.സി. നൽകിയ കത്തിൽ കെ. മുരളീധരന്റെ പേര് ഉണ്ടായിട്ടും കെപിസിസി പരിഗണിക്കാത്തത് ദുരൂഹമാണെന്നും ഡി.സി.സി.ക്ക് ശക്തിയില്ലാത്തതാണ് അതിന് കാരണമെന്നും ഗോപിനാഥ് തുറന്നടിച്ചു. അതേസമയം സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞാൽ മറ്റെല്ലാം അപ്രസക്തമാണ് എന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.
കത്ത് സിപിഎമ്മിന്റെ സൃഷ്ടിയാണെന്ന് വിശദീകരിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കത്ത് സിപിഎം ഉണ്ടാക്കിയതാണെന്നും കത്തിൽ ഡിസിസി പ്രസിഡന്റിന്റെ ഒപ്പില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പ്രതികരിച്ചു. ഡിസിസി ഇങ്ങനെയൊരു കത്ത് നൽകിയിട്ടേയില്ല എന്നാണ് അടൂർ പ്രകാശ് എം.പിയുടെ പ്രതികരണം. ഡി.സി.സി. മുന്നോട്ട് വെച്ച ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് കെ. മുരളീധരൻ. സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി നടത്തിയ കള്ളക്കളിയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏറ്റവും നല്ല ആൾ എന്ന് തോന്നുന്ന ആളെ തിരഞ്ഞെടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിഷയം സിപിഎമ്മും ഏറ്റെടുത്തു. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായിത്തന്നെ ഉപയോഗിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കെ. മുരളീധരനെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ വി.ഡി. സതീശനാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഷാഫി പറമ്പിലും വി.ഡി. സതീശനും ചേർന്നാണ് ഡി.സി.സിയുടെ ആവശ്യം തള്ളിയതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിക്ക് വേണ്ടി കോൺഗ്രസ് താത്പര്യങ്ങൾ ചിലർ ബലികഴിച്ചുവെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. വടകരയിൽ കിട്ടിയതിന്റെ പ്രത്യുപകാരമാണ് കത്ത് തള്ളിക്കളയാൻ കാരണം. എല്ലാവരും ഒരുമിച്ചാണ് രാഹുലിന്റെ പേരിൽ എത്തിയതെന്ന് വിഡി സതീശൻ കള്ളം പറഞ്ഞുവെന്നും മുരളീധരനെ ഇനിയും ബലി കൊടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് രാഹുലിനെ കൊണ്ടുവന്നതെന്നും എം.ബി. രാജേഷ് ആരോപിച്ചു.
താൻ പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് കത്തിലൂടെ തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി പി. സരിൻ പറഞ്ഞു. രാഹുൽ ഒരു ഗ്രൂപ്പിന്റെ മാത്രം സ്ഥാനാർഥിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും പ്രതികരിച്ചു.
വാഗ്വാദങ്ങളും നേതൃത്വത്തിനിടയിലെ പടലപ്പിണക്കങ്ങളും യുഡിഎഫ് കേന്ദ്രങ്ങളിൽ ചെറുതല്ലാത്ത ആശങ്ക സൃഷ്ടിച്ചിാുണ്ട്. അനായാസ ജയം എന്നത് യുഡിഎഫിന് അത്ര എളുപ്പമല്ല എന്നാണ് നേതൃത്വം കരുതുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പിൽ വിയർത്തു ജയിച്ച മണ്ഡലം, അവിടെ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനൊരുങ്ങുമ്പോൾ തന്നെ വിവിധ കോണിൽ നിന്ന് മുറുമുറുപ്പ് ഉയർന്നിരുന്നു.
ചെറു വോട്ടുകൾക്ക് നഷ്ടപ്പെട്ട മണ്ഡലത്തിൽ കരുത്ത് കാട്ടാൻ ബിജെപി കേന്ദ്രങ്ങളിൽ പ്രചാരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മെട്രോമാൻ ഇ.ശ്രീധരന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രചാരണ പരിപാടികൾ. കോൺഗ്രസിൽ നിന്ന് അടർത്തിയ പി. സരിനെ സ്ഥാനാർഥിയാക്കിയ എൽഡിഎഫ് തന്ത്രങ്ങൾ ജയം കാണുമോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്. യു.ഡി.എഫിനകത്തെ ഭിന്നതകൾ എൽഡിഎഫിന് നേട്ടമാകുമോ ബിജെപിക്ക് നേട്ടമാകുമോ എന്നും കണ്ടറിയേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.