കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ വെളിപ്പെടുത്തൽ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ചേക്കും. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎമ്മിന് കൈക്കൂലി നൽകിയെന്നായിരുന്നു പിപി ദിവ്യ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്ന് ലൈസൻസിന് അപേക്ഷിച്ച ടിവി പ്രശാന്തൻ വെളിപ്പെടുത്തുകയും ചെയ്തു.
ഒരു പെട്രോൾ പമ്പ് തുടങ്ങാൻ കുറഞ്ഞ ചെലവ് രണ്ട് കോടിയോളം വരും. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് ഇതിനുള്ള സാമ്പത്തികസ്രോതസ് എന്താണെന്ന് കണ്ടെത്തുന്നതിന് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്.
പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളിൽ ഒന്നാണ്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായം ചെയ്താൽ അവരുടെ പങ്കിനെക്കുറിച്ച് ഇഡി അന്വേഷണം നടത്തണമെന്നാണ് വകുപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ ദിവ്യയും ഇഡി അന്വേഷണ പരിധിയിൽ വരും.
അഴിമതി നിരോധന നിയമത്തിൽ 2018ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിർബന്ധാവസ്ഥയിൽ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇങ്ങനെ കൈക്കൂലി നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ അധികാരികളെ അറിയിക്കണം. അതുകൊണ്ട് കൈക്കൂലി നൽകിയതിന് പ്രശാന്തന്റെ പേരിൽ മറ്റൊരു കേസും എടുക്കാം.
അതേസമയം, എഡിഎം നവീൻ ബാബു കൈക്കൂലി ചോദിച്ചിട്ടില്ലെന്നും അത്തരത്തിൽ പരാതി നൽകിയിട്ടില്ലെന്നും റിട്ട. അദ്ധ്യാപകൻ കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശി ഗംഗാധരൻ വെളിപ്പെടുത്തി. എഡിഎം അടക്കമുള്ള റവന്യു ഉദ്യോഗസ്ഥർ കൃത്യവിലോപം കാട്ടിയെന്നാണ് ഗംഗാധരൻ മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയിലുള്ളത്. അത് കണ്ണൂരിലെ ജനപ്രതിനിധികൾക്കും നൽകിയിരുന്നു.
നവീൻ ബാബുവിന്റെ അഴിമതി സംബന്ധിച്ച് പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് ആക്ഷേപം ഉന്നയിച്ചിരുന്നെന്നും സെപ്തംബർ നാലിന് പരാതി നൽകിയിട്ടുണ്ടെന്നും പിപി ദിവ്യ തലശേരി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങൾക്കുമുന്നിൽ ഗംഗാധരന്റെ വെളിപ്പെടുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.