‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുത്തിയത് നാടകം; കാര്യങ്ങൾ കൈവിട്ടപ്പോഴാണ് സംഭവത്തിൽ വ്യക്തത വരുത്തിയത്;പി.വി.അൻവർ

മലപ്പുറം: ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുത്തിയത് നാടകമെന്ന് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കിൽ വാർത്ത വരുമ്പോൾ കത്തയയ്ക്കണമായിരുന്നു. വലിയ വിവാദമായ ശേഷമാണ് ഹിന്ദുവിന് കത്തയച്ചത്. കാര്യങ്ങൾ കൈവിട്ടപ്പോഴാണ് സംഭവത്തിൽ വ്യക്തത വരുത്തിയത്.

ഇന്നലെ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ കരിപ്പൂരെന്ന് തിരുത്തിയതിൽ സന്തോഷമുണ്ട്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മുഴുവൻ അറിയിക്കാനാണ് ഹിന്ദുവിന് അഭിമുഖം നൽകിയത്. ബിജെപി ആർ‌എസ്എസ് ഓഫിസുകളിൽ ഇത് കാണാനാണ് അഭിമുഖം നൽകിയതെന്നും അൻവർ ആരോപിച്ചു.

‘‘സ്വർണക്കടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് ധൈര്യമുണ്ടോ? എന്നെയും ഉൾപ്പെടുത്തട്ടെ. സുജിത്ത് ദാസും ശശിയുമാണ് സ്വർണക്കടത്തും പൊട്ടിക്കലും ഉരുക്കലുമൊക്കെ നടത്തിയത്. അന്വേഷണത്തിന് വെല്ലുവിളിക്കുകയാണ്. 

ഇന്നലെ കുറച്ചു മയപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിലെ ജനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്. ഇന്നലെ ഉച്ചയ്ക്ക് നാലു മണിക്കാണ് വിജിലൻസ് ഡ‍ിവൈഎസ്പി എന്റെ മൊഴിയെടുക്കാൻ എത്തിയത്. മൊഴി തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. നാളെ കൊടുക്കുന്ന റിപ്പോർ‌ട്ടിൽ ഇന്നലെ എന്റെ മൊഴിയെടുക്കാൻ വരുന്നത് എന്ത് അപഹാസ്യമാണ്.’’– അൻവർ ചോദിച്ചു.

മുപ്പത് ദിവസം കഴിയുന്ന അന്വേഷണ റിപ്പോർട്ട് കാണട്ടെ. എന്നിട്ട് മൊഴി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. മുഖ്യമന്ത്രി അഭിമുഖം നൽകുമ്പോൾ റെക്കോർഡ് ചെയ്തിരിക്കുമല്ലോ. അത് ഹിന്ദു പുറത്തുവിടട്ടെ. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. മാന്യമായി ഒഴിഞ്ഞു നിൽക്കാനുള്ള സാഹചര്യമാണ്. വസ്തുതകൾ പുറത്തുവരുന്നതു വരെ മാറിനിൽക്കാമെന്ന് അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളോട് പറയാമല്ലോ. 

ഒന്നല്ല നൂറു റിയാസ് പറഞ്ഞാലും കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞുവെന്നും അൻവർ പറഞ്ഞു. ‘‘മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ അദ്ദേഹം ഒഴിയണമെന്ന് ഉപദേശിക്കണം. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. വേറെ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ടല്ലോ. ഞാനാണ് ആ പദവിയിലെങ്കിൽ മാറും. ഒരു ജുഡീഷ്യൽ അന്വേഷണത്തിനു പോലും തയാറാകുന്നില്ല. എന്ത് സത്യസന്ധതയും നീതിയുമാണുള്ളത്. ജനം തീരുമാനിക്കട്ടെ. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയിൽ ജില്ലാതല വിശദീകരണ യോഗം നടത്തും. ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു ലക്ഷം പേർ വർഗീയവാദികളാണോ?. ’’– അൻവർ‌ പറഞ്ഞു. 

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നതു പോലെയാണ് സിപിഎം നേതാക്കൾ ഇപ്പോൾ കുളിപ്പിക്കൽ നടത്തുന്നത്. മാനസികാവസ്ഥയും ശാരീരികാവസ്ഥയും വച്ച് മുഖ്യമന്ത്രി ഒഴിയണം. പാർട്ടിയിൽ മറ്റാരും ഇല്ലെങ്കിൽ റിയാസിനെ മുഖ്യമന്ത്രിയാക്കട്ടെയെന്നും അൻവർ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിന് കോടിയേരി സഖാവിന്റെ കുടുംബത്തോട് ചോദിച്ചാൽ മതിയെന്നായിരുന്നു അൻവറിന്റെ മറുപടി. ഒരു വിരൽ ഇങ്ങോട്ട് ചൂണ്ടുമ്പോൾ ബാക്കി നാലും മുഖ്യമന്ത്രിയുടെ നെഞ്ചത്തേക്കാണെന്ന് മനസിലാക്കിയാൽ മതി. പെൻ‌ഷൻ കൊടുക്കാൻ കഴിയാത്തതും പെർമിറ്റ് ഫീസ് വർധിപ്പിച്ചതുമൊക്കെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. 

രാഹുൽ ഗാന്ധിയുടെ സാന്നിധ്യം മറ്റൊരു ഘടകമാണ്. ഇന്ത്യ മുന്നണി തിരിച്ചുവരുമെന്നത് വേറൊരു ഘടകമാണ്. വാഹനം ഓടിക്കുന്നവരെല്ലാം ഈ സർക്കാരിനെതിരെയാണ് വോട്ട് ചെയ്തത്. ഈ വികാരങ്ങളെല്ലാം നിലനിൽക്കെ അതൊന്നും പരിശോധിക്കാതെ മുസ്‍ലിം പ്രീണനം നടത്തിയതാണ് തോൽവിക്ക് കാരണമെന്നാണ് പറയുന്നത്. 

ആർഎസ്എസും ബിജെപിയുമായി ചേർന്നു പോയാലെ സിപിഎമ്മിനു നിലനിൽപ്പുള്ളൂ എന്ന തെറ്റായ വിലയിരുത്തലാണ് മലപ്പുറത്തിനെതിരായി പറയാൻ കാരണം. അടിമകളാകുന്നതിന് ഒരു പരിധിയുണ്ടെന്നും അൻവർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മലയാളികളെ കരയിപ്പിച്ച് ഡോ. വന്ദന ദാസ് കടന്നുപോയിട്ട് ഒരാണ്ട്..

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !