കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗവും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സി.പി.എം വീണുവെന്ന് എസ്.എസ്.എഫ് മുഖപത്രമായ രിസാല വാരികയുടെ മുഖപ്രസംഗത്തിൽ ആരോപിച്ചു. പിണറായി വിജയൻ ആരുടെ പി.ആർ ഏജൻസി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് കാന്തപുരം വിഭാഗം ലേഖനത്തിൽ കുറ്റപ്പെടുത്തി. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചകളെ സി.പി.എം നിസ്സാരവത്കരിക്കുന്നുവെന്ന് പറയുന്ന ലേഖനത്തിൽ എ.ഡി.ജി.പി എം. ആർ.അജിത്ത് കുമാറിനെതിരേ നടപടി സ്വീകരിക്കാത്തത് എന്തിന്റെ തെളിവാണെന്നും ചോദിച്ചു.
'രിസാല' മുഖപ്രസംഗം
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ സിപി എമ്മിന് ഉത്തരമില്ല. അഭിമുഖം ബി.ജെ.പിക്ക് ഗുണകരമായ രീതിയിൽ പ്രചരിച്ചു. മലപ്പുറത്തെ ക്രിമിനൽ തലസ്ഥാനമാക്കാനുള്ള ഹിന്ദുത്വവർഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചെലവിൽ നടപ്പിലാക്കി. പൊലീസിന്റെ മനോവീര്യം തകർക്കരുതെന്ന ക്യാപ്സ്യൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുന്നു എന്നിങ്ങനെ പോകുന്നു ലേഖനത്തിലെ വിമർശനങ്ങൾ.
മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്നതിൽ സംശയമുണ്ടെന്ന് ലേഖനം പറയുന്നു. അധികാരാർത്തിയിൽ സി.പി.എം ചെന്നുപതിച്ച അപചയത്തിൻ്റെ ആഴം അളക്കാൻ കഴിയാത്തതാണ്. സി.പി.എം ഇങ്ങനെ പോയാൽ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാനെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.