പാലക്കാട് തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം

പാലക്കാട്: ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ സമ്മേളനം ചുരുക്കി. നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിക്കും. മൂന്നു ദിവസത്തെ സമ്മേളനം ഒഴിവാക്കാനാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.


ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ മുന്നണികളിൽ അണിയറ നീക്കങ്ങൾ സജീവമാണ്. ഷാഫി പറമ്പിൽ നേടിയ ഹാട്രിക് വിജയം കൂടുതൽ തിളക്കത്തോടെ ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ് ക്യാമ്പ്. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു തവണയും ഷാഫി പറമ്പിൽ വിജയിച്ച് കൈക്കുമ്പിളിലെത്തിച്ച പാലക്കാട് വിജയം ആവർത്തിക്കാനാണ് കോൺഗ്രസ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

ലോക്സഭയിൽ മുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.കെ.ശ്രീകണ്ഠന്റെ വിജയവും പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്നു. സ്ഥാനാർത്ഥികളുടെ ചർച്ചകൾ സജീവമാണ്, മുതിർന്ന നേതാവിന്റേതുൾപ്പെടെ ആറോളം പേരുകളാണ് പരിഗണനയിലുള്ളത്. 40,000ത്തോളം ന്യൂനപക്ഷ വോട്ടുകളുള്ള മണ്ഡലത്തിൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്തുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു ആദ്യഘട്ട പ്രചാരണം. മുൻ എം.എൽ.എ വി.ടി. ബൽറാം, കെ.പി.സി.സി ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ ഡോ. പി.സരിൻ ഉൾപ്പെടെ മറ്റു ചിലരുടെ പേരുകളും ചർച്ചയിലുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരം കടുക്കാമെന്ന വിലയിരുത്തലിലാണ് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ സാദ്ധ്യതാ ചർച്ചയിലെത്തിയത്. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു ശേഷം, പാലക്കാട് മത്സരിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സംഘടനാതല ചർച്ചകളിൽ മാറ്റമുണ്ടായതായാണു സൂചന.

മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം ബി.ജെ.പി ഭാരവാഹികളിൽ നിന്ന് സ്ഥാനാർത്ഥികളെക്കുറിച്ച് അഭിപ്രായം തേടി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവരാണ് നിലവിൽ പാനലിൽ ഉള്ളതെന്നാണു വിവരം. 

ഇതുകൂടാതെ മുൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരും ശോഭാ സുരേന്ദ്രന്റെ പേരും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. സ്ഥാനാർത്ഥിത്വത്തിൽ ആദ്യം മുതൽ കേൾക്കുന്ന സി.കൃഷ്ണകുമാറിന് നറുക്ക് വീഴാനാണ് സാദ്ധ്യത. കഴിഞ്ഞ തവണ കൈവിട്ടു പോയ വിജയത്തെ ഇത്തവണ ഏതു വിധത്തിലും കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാർ.

പാലക്കാട് മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയും സംഘടനാ ദൗർബല്യവും പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപി.എം നേതൃത്വം. പൊതുസമ്മതരായ സ്ഥാനാർത്ഥികൾ എന്ന നിലയിൽ വിരമിച്ച പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളിനെയും നർത്തകിയും നടിയുമായ പാലക്കാട്ടുകാരിയെയും പാർട്ടി ജില്ലാ - സംസ്ഥാന നേതൃത്വം സമീപിച്ചതായാണ് വിവരം. 

അനുഭാവികളായ പൊതുസമ്മതരും പരിഗണനയിലാണ്. ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, മുൻ എം.എൽ.എ ടി.കെ.നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി തുടങ്ങിയ പേരുകൾ പ്രചരിക്കുന്നുണ്ട്. പാർട്ടിയിലും പൊതുസമൂഹത്തിലും അംഗീകാരമുള്ള വ്യക്തിയെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും പരിഗണനയിലുണ്ടെന്നാണ് സൂചനകൾ.

നിയമസഭ ഉപതിരഞ്ഞെടുപ്പിന് പാലക്കാട് തയ്യാറെടുക്കുന്നതിനിടെ ബി.ജെ.പിയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കങ്ങളും മുറുകുന്നു. ബി.ജെ.പിക്ക് പാലക്കാട് ഇത്തവണ സാഹചര്യം അനുകൂലമാണെന്നും അതിനാൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകണമെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. അതേസമയം ആലപ്പുഴയിലും അതിന് മുമ്പ് ആറ്റിങ്ങലിലും ശക്തമായ പോരാട്ടം കാഴ്ചവെച്ച വനിതാ നേതാവ് ശോഭ സുരേന്ദ്രൻ ഒരിക്കൽകൂടി പാലക്കാട് മത്സരിക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.

മത്സരിച്ചയിടങ്ങളിലെല്ലാം വോട്ട് ഉയർത്താൻ ശോഭ സുരേന്ദ്രന് സാധിച്ചിരുന്നു. ഏറ്റവും ഒടുവിൽ മത്സരിച്ച ആലപ്പുഴ ലോക്സഭ മണ്ഡലത്തിലും കോൺഗ്രസിനേയും സി.പി.എമ്മിനേയും വിറപ്പിച്ച പ്രകടനാണ് ശോഭ സുരേന്ദ്രൻ കാഴ്ചവെച്ചത്. 2.99 ലക്ഷം വോട്ടുകളായിരുന്നു ശോഭയ്ക്ക് നേടാനായത്. 

അതായത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഒരു ലക്ഷത്തിലധികം വോട്ടുകൾ. ഏറ്റവും ഒടുവിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് കൂടി പാർട്ടിക്ക് വേണ്ടി വോട്ട് വിഹിതം ഉയർത്തിയത് ശോഭയുടെ പ്രതിച്ഛായ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിൽ ശോഭ പാലക്കാട് മത്സരിച്ചാൽ സീറ്റ് പിടിക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബി.ജെ.പി നടത്തിയ ആഭ്യന്തര സർവേയിലും ശോഭയ്ക്കാണ് പിന്തുണ കൂടുതൽ. മുതിർന്ന നേതാവും മുൻ ബി.ജെ.പി അദ്ധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് സർവ്വേ നടത്തിയത്. സർവ്വെ വിവരങ്ങൾ ഉടൻ സംസ്ഥാന ദേശീയ നേതൃത്വത്തിന് കൈമാറും.

സംസ്ഥാനത്ത് 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്. അവസാന നിമിഷം വരെ ബി.ജെ.പിക്ക് വേണ്ടി മെട്രോ മാൻ ഇ.ശ്രീധരനും കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഒടുവിൽ 3858 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാഫി വിജയം സ്വന്തമാക്കുകയായിരുന്നു. ഷാഫിയുടെ അഭാവത്തിൽ ആഞ്ഞിറങ്ങിയാൽ സീറ്റ് പിടിക്കാമെന്ന് ബി.ജെ.പി വിലയിരുത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !