ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപികരിക്കുന്നതിനായി ഒമര്‍ അബ്ദുള്ളയെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ക്ഷണിച്ചു. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്. ആറ് വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ഉത്തരവ് ഇറങ്ങി.
ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസാണ് ഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. 2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. 90 അംഗ നിയമസഭയില്‍ 48 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലേക്കെത്തുന്നത്.
ഇതു രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിച്ച്, ജമ്മു കശ്മീരും ലഡാക്കുമെന്ന രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു അടുത്തിടെ നടന്നത്. 2014 ലാണ് ഇതിനു മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.