കൊച്ചി:സഹകരണ സംഘം ഭരണസമിതിയിലേക്കു തുടർച്ചയായി മൂന്നു തവണ വിജയിച്ചവർക്കു വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. 1969ലെ കേരള സഹകരണ നിയമത്തില്‍ 28(2എ) എന്ന ഭേദഗതി കൂട്ടിച്ചേർത്ത് ഏർപ്പെടുത്തിയ വിലക്കാണ് ജസ്റ്റിസ് എൻ.നഗരേഷ് റദ്ദാക്കിയത്.
അതേസമയം, പ്രാഥമിക സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‍വെയർ ഏർപ്പെടുത്തിയതടക്കം മറ്റു മുഴുവൻ ഭേദഗതികളും കോടതി ശരിവച്ചു. വിജയപുരം സർവീസ് സഹകരണ സംഘം പ്രസിഡന്റ് ബാബു കോര, മെമ്പർ ടി.എസ്.സുരേഷ് കുമാർ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.
മത്സരിക്കാൻ വിലക്കേർപ്പെടുത്തുന്നതു സഹകരണ സംഘങ്ങളുടെ സ്വയംഭരണാവകാശത്തിലും ജനാധിപത്യ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നു കോടതി അഭിപ്രായപ്പെട്ടു. സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടപെടാൻ സർക്കാരിനു ചെറിയ തോതിലുള്ള അധികാരമേയുള്ളൂ. ഭരണസമിതിയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കുന്നത് അതിലെ അംഗങ്ങളാണ്. അതിനാൽ തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്താൻ പൊതുയോഗത്തിനാണ് അധികാരമെന്നും കോടതി വ്യക്തമാക്കി.
അനുഭവപാരമ്പര്യമുള്ള അംഗങ്ങൾ ഭരണസമിതിയിൽ തുടരുന്നതു സംഘത്തിനു ഗുണമാണോ എന്നു തിരുമാനിക്കേണ്ടതും പൊതുയോഗമാണെന്നു കോടതി പറഞ്ഞു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഭരണസമിതി അംഗങ്ങളുടെ വിശ്വാസ്യതയിലാണ്. പാർലമെന്റ്, നിയമസഭ, തദ്ദേശസ്ഥാപനം എന്നിവിടങ്ങളിലേക്കു തുടർച്ചയായി മത്സരിക്കുന്നതിനു വിലക്കില്ല. അതുകൊണ്ടു തന്നെ സഹകരണ സംഘത്തിലേക്കു മത്സരിക്കുന്നതിനും വിലക്കാനാകില്ലെന്നു കോടതി പറഞ്ഞു.
അതേസമയം, മറ്റു സഹകരണ നിയമത്തിൽ വരുത്തിയ മറ്റു ഭേദഗതികളെല്ലാം കോടതി ശരിവച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യുക, സംഘങ്ങൾ ഇതര സ്ഥാപനങ്ങൾ തുടങ്ങുന്നതിനു വിലക്കേർപ്പെടുത്തുക, നിലവിലുള്ള ഇതര സ്ഥാപനങ്ങൾക്കു സർക്കാർ പങ്കാളിത്തം അനുവദിക്കുക തുടങ്ങിയ ഭേദഗതികൾ കോടതി ശരിവച്ചു.
സോഫ്റ്റ്‍വെയർ, ഹാർഡ്‍വെയർ എന്നിവിടങ്ങളിൽ കൃത്രിമത്വം കാണിക്കുക എളുപ്പമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇതു കണ്ടെത്താൻ കാലതാമസം വരുന്നത് സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന കാര്യമാണ്. പരിശോധനയിൽ കൃത്രിമത്വം കണ്ടെത്തിയാൽ അക്കാര്യം പൊലീസ് അടക്കമുള്ള അധികൃതരെ അറിയിക്കണമെന്ന ഭേദഗതി പൂർണമായും നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.