മുംബൈ: അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ പാട്ടീൽ ഇന്നലെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയിൽ ചേർന്നു.
നാഷനൽ ഫെഡറേഷൻ ഓഫ് കോ–ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറീസ് പ്രസിഡന്റായിരുന്നു. ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇന്ദാപുർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎയ്ക്കെതിരെ ഹർഷവർധൻ പവാർ വിഭാഗം സ്ഥാനാർഥിയാകും.
എൻഡിഎ ഘടകകക്ഷികളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ നേതാക്കൾ ഇന്ത്യാ മുന്നണിയുടെ ഭാഗമായി. കോലാപുരിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ഛത്രപതി ശിവാജിയുടെ പിൻമുറക്കാരിൽ ഒരാളുമായ സമർജിത് സിങ് ഗാട്ഗെ കഴിഞ്ഞ മാസം പവാറിന്റെ പാർട്ടിയിൽ ചേർന്നിരുന്നു. ഇദ്ദേഹം കോലാപുരിലെ കഗാൽ മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും.
മഹാരാഷ്ട്രാ നിയമസഭാ കൗൺസിൽ മുൻ ചെയർമാനായ രാംരാജെ നിംബാൽക്കർ അടക്കം എൻസിപി അജിത് പക്ഷത്തെ മൂന്നു മുതിർന്ന നേതാക്കൾ ശരദ് പവാറിന്റെ പാർട്ടിയിൽ ഉടൻ ചേർന്നേക്കും. മാഡാ എംഎൽഎ ബബൻ നായിക്, ദൗണ്ഡ് മുൻ എംഎൽഎ രമേഷ് തോറാട്ട് എന്നിവരാണ് മറ്റു നേതാക്കൾ.
എൻസിപിയുടെ ശക്തികേന്ദ്രമായ പശ്ചിമ മഹാരാഷ്ട്രയിൽ നിന്നുള്ള നേതാക്കളാണു അഞ്ചു പേരുമെന്നത് മേഖലയിൽ ശരദ് പവാറിന്റെ കരുത്തു കൂട്ടും. ശിവസേനാ ഷിൻഡെ വിഭാഗം നേതാവും കല്യാൺ–ഡോംബിവ്‌ലി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായ യുവജന വിഭാഗം നേതാവ് ദീപേഷ് മാത്രെ ഉദ്ധവ് വിഭാഗത്തിൽ ചേർന്നു. ബിജെപിയിലേക്കു ചേക്കേറിയ കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ഭാര്യാസഹോദരൻ ഭാസ്കർറാവു ഖഡ്ഗാവൻകറും മരുമകൾ മീനയും കഴിഞ്ഞ മാസം ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.
മുൻ എംഎൽഎയും ഗോണ്ടിയയിലെ ബിജെപി നേതാവുമായ ഗോപാൽദാസ് അഗർവാളും മുംബൈ മുൻ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയും അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. ഇന്ത്യാമുന്നണിക്ക് അനുകൂലമായേക്കുമെന്നു കരുതുന്ന ഹരിയാന, ജമ്മു–കശ്മീർ തിരഞ്ഞെടുപ്പുഫലം ഇന്നു വരാനിരിക്കെ, അതിനു പിന്നാലെ മഹാരാഷ്ട്രയിൽ മറുപക്ഷത്തു നിന്ന് കൂടുതൽ നേതാക്കൾ എത്തുമെന്നാണ് ഇന്ത്യാമുന്നണി നേതാക്കൾ അവകാശപ്പെടുന്നത്.
അതിനിടെ, അധികാരത്തിനും പണത്തിനുമായി ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയ ഒരാളെയും പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്നും എന്നാൽ, അറസ്റ്റ് ഭയന്ന് ഷിൻഡെയ്ക്കൊപ്പം പോകാൻ നിർബന്ധിതരായവർ തിരിച്ചുവരാൻ ശ്രമിച്ചാൽ സ്വീകരിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി. ഡോംബിവ്‌ലിയിൽ നിന്നുള്ള ഷിൻഡെ വിഭാഗം നേതാവായ ദീപേഷ് മാത്രെയെ പാർട്ടിയിലേക്കു സ്വീകരിക്കുന്ന വേളയിലാണ് ഉദ്ധവിന്റെ പ്രതികരണം.
ശിവസേനാ ഷിൻഡെ വിഭാഗം നേതാവും കല്യാൺ–ഡോംബിവ്‌ലി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായ യുവജന വിഭാഗം നേതാവ് ദീപേഷ് മാത്രെയും നാല് മുൻ കോർപറേറ്റർമാരും ഉദ്ധവ് വിഭാഗം ശിവസേനയിൽ ചേർന്നത് ഷിൻഡെ പക്ഷത്തിന് കനത്ത തിരിച്ചടിയായി. ഡോംബിവ്‌ലിയിൽ ബിജെപി നേതാവും മന്ത്രിയുമായ രവീന്ദ്ര ചവാനെതിരെ ഇന്ത്യാമുന്നണിയുടെ സ്ഥാനാർഥിയായേക്കും. മുഖ്യമന്ത്രിയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെയുമായി അടുപ്പമുള്ള നേതാവാണ് ദീപേഷ് മാത്രെ.
2014ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവാനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. മൂന്നു തവണ കോർപറേറ്ററായിരുന്ന ദീപേഷ് കല്യാൺ ഡോംബിവ്‌ലി കോർപറേഷൻ മുൻ മേയർ പുണ്ഡലിക് മാത്രെയുടെ മകനാണ്. ഭരണമുന്നണിയുടെ ഭാഗമായിരുന്നിട്ടും ഡോംബിവ്‌ലിക്കായി ശബ്ദമുയർത്തിയ തനിക്കെതിരെ സർക്കാർ കേസെടുത്തെന്നും ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് തന്റെ പോരാട്ടമെന്നും ദീപക് മാത്രെ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.