മുംബൈ: ഹോട്ടൽ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. എങ്കിലും മറ്റു കേസുകളുള്ളതിനാൽ ഛോട്ടാരാജന് ജയിലിൽ തുടരേണ്ടി വരും. ജസ്റ്റിസ് രേവതി മൊഹിതെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ചത്.
പ്രത്യേക കോടതിയുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി നടപടി. 2001 മേയ് നാലിനാണ് സെൻട്രൽ മുംബൈയിലെ ഗോൾഡൻ ക്രൗൺ ഹോട്ടൽ ഉടമ ജയ ഷെട്ടി ഹോട്ടലിന്റെ ഒന്നാം നിലയിൽ വെച്ച് കൊല്ലപ്പെടുന്നത്. പണം ആവശ്യപ്പെട്ട് ഛോട്ടാ രാജന്റെ സംഘാംഗമായ ഹേമന്ദ് പൂജാരി ജയ ഷെട്ടിയെ ബന്ധപ്പെട്ടിരുന്നു.
ഇത് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ മേയ് മാസത്തിലാണ് കേസിൽ പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
മാധ്യമപ്രവർത്തകൻ ജെ. ഡേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് ഛോട്ടാ രാജൻ. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് അറസ്റ്റിലായത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ എഴുപതോളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെയുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.