തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപി എം.ആര്.അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്ര അന്വേഷണ റിപ്പോര്‍ട്ടായി കാണാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടന്വേഷണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
'തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പ്രശ്നമുണ്ടായി. എക്സിബിഷനുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ആദ്യം ഉയര്‍ന്നത്. ആ ഘട്ടത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. അതിന് പരിഹാരമാകുകയും ചെയ്തു. ആനകളുമായി ബന്ധപ്പെട്ട ചില പ്രശ്നം ഉയര്‍ന്നിരുന്നു. അതും പരിഹരിച്ചു. ഇതിലെല്ലാം സര്‍ക്കാര്‍ നിലപാട് എല്ലാവിഭാഗം ജനങ്ങളും അണിനിരക്കുന്ന പൂരം കുറ്റമറ്റ രീതിയില്‍ നടത്തുക എന്നതിനാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടമായിരുന്നു പൂരം. അതിന്റെ അവസാനഘട്ടത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായി എന്നത് ഗൗരവമായി എടുത്തത് കൊണ്ടാണ് അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപിയെ ആണ് ഇതിന് ചുമതലപ്പെടുത്തിയത്. ആ അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് 24ന് എനിക്ക് ലഭിച്ചു' മുഖ്യമന്ത്രി പറഞ്ഞു.
അതൊരു സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ടായി കരുതാനാകില്ല. പലതരതത്തിലുള്ള നിയന്ത്രണങ്ങള്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ടി വന്നിരുന്നു. വിഷയത്തില്‍ വ്യക്തമാകുന്ന കാര്യം കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടന്നിട്ടുണ്ട് എന്നുള്ളതാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യമായാണ് കാണാനാകുക. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങള്‍ എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്.
തിരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍നിര്‍ത്തി അരങ്ങേറിയ ഒരു ആസൂത്രിതമായ നീക്കമാണ് നടന്നത്. നിയമപരമായി അനുവദിക്കാന്‍ കഴിയുന്നതല്ലെന്ന് ബോധ്യമായ കാര്യം ബോധപൂര്‍വ്വം ഉന്നയിക്കുക. തുടര്‍ന്ന് പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കുക എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അവയെല്ലാം ഉള്‍പ്പടെ കുറ്റകൃത്യങ്ങളെല്ലാം അന്വേഷിച്ച് കണ്ടെത്തല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.