റുവാണ്ട: രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടരുന്നു.
കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ് പടര്‍ച്ച മൂലം ഇത് വരെ 12 പേരാണ് റുവാണ്ടയില്‍ മരണപ്പെട്ടത്. രക്തസ്രാവം, അവയവ സ്തംഭനം എന്നിവയ്ക്ക് കാരണമാകുന്ന ഈ മാരകവൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്.
എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാബര്‍ഗ് പക്ഷേ എബോളയേക്കാള്‍ ഭീകരനാണ്. റുവാണ്ടയില്‍ 41 പേര്‍ക്കാണ് മാബര്‍ഗ് വൈറസ് മൂലമുള്ള മാബര്‍ഗ് വൈറസ് ഡിസീസ്(എംവിഡി) സ്ഥിരീകരിക്കപ്പെട്ടത്.
ലക്ഷണങ്ങള്‍:
വൈറസ് ഉള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഉയര്‍ന്ന പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാറുള്ളത്. പേശീ വേദനയും രോഗികളില്‍ പൊതുവായി കാണപ്പെടുന്നു. അതിസാരം, വയര്‍വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ പ്രത്യക്ഷമാകും. ഒരാഴ്ച വരെ അതിസാരം നീണ്ടു നില്ക്കാം.
കണ്ണുകള്‍ കുഴിഞ്ഞ്, മുഖത്ത് ഭാവങ്ങളൊന്നുമില്ലാതെ അത്യധികം ക്ഷീണവുമായി പ്രേതസമാനമായ മുഖഭാവങ്ങള്‍ ഈ വൈറസ് രോഗികളില്‍ ഉണ്ടാക്കാമെന്ന് പറയപ്പെടുന്നു. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രക്തസ്രാവം ആരംഭിക്കും. മൂക്കില്‍ നിന്നും മോണകളില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നും വരെ രക്തസ്രാവം ആരംഭിക്കും. മലത്തിലും ഛര്‍ദ്ദിയിലും രക്തത്തിന്റെ സാന്നിധ്യം പ്രത്യക്ഷപ്പെടാം.
ആശയക്കുഴപ്പം, ദേഷ്യം എന്നിവയും രോഗികളില്‍ കാണപ്പെടാം. രോഗത്തിന്റെ അവസാന ഘട്ടങ്ങളില്‍ വൃഷ്ണങ്ങള്‍ വീര്‍ത്തു വരുന്ന അവസ്ഥയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ ആരംഭിച്ച് എട്ട് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളാക്കി മരണത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള മാരക വൈറസാണ് മാബര്‍ഗ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.