നെടുങ്കണ്ടം: ടാർ ചെയ്ത റോഡ് 24 മണിക്കൂറിനുള്ളിൽ പൊളിഞ്ഞ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. കിഫ്‌ബി, കേരള റോഡ് ഫണ്ട് (കെആർഎഫ്ബി) പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് അംഗങ്ങളടങ്ങിയ ടെക്നിക്കൽ ഇൻസ്‌പെക്‌ഷൻ സംഘമാണ് പരിശോധന നടത്തി റോഡിന്റെ സാംപിളുകൾ ശേഖരിച്ചത്. കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേയുടെ ഭാഗമായി അവസാനഘട്ട ടാറിങ് പൂർത്തിയായ മുണ്ടിയെരുമയിലാണ് കഴിഞ്ഞ ദിവസം രാത്രി ചെയ്ത ടാറിങ് പിറ്റേന്നു തന്നെ പൊളിഞ്ഞത്.
സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്താനായി എത്തിയത്. കനത്ത മഴയിൽ ടാർ ചെയ്ത നീക്കത്തിനെതിരെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികളെ അവഗണിച്ചാണ് ടാറിങ് നടത്തിയതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ പരാതി ഉന്നയിച്ച വിവിധ ഭാഗങ്ങളിൽ സംഘം സന്ദർശനം നടത്തി ഡ്രിൽ ചെയ്ത് റോഡിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ശേഖരിച്ച സാംപിളുകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.
കമ്പംമെട്ട് -വണ്ണപ്പുറം ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട് -ആശാരിക്കവല റീച്ചിൽ ഉൾപ്പെടുന്നതാണ് ഈ ഭാഗം. 63 കോടി രൂപ ചെലവിലാണ് 28.1 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിന്റെ നിർമാണം പുരോഗമിക്കുന്നത്. 7 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരമുള്ള ടാറിങ്, അര മീറ്റർ വീതിയിൽ ഇരുവശങ്ങളിലും കോൺക്രീറ്റിങ്, സംരക്ഷണ ഭിത്തി എന്നിവ ഉൾപ്പെടെയാണ് നിർമാണം. കമ്പംമെട്ട് -വണ്ണപ്പുറം മലയോര ഹൈവേ നിർമാണത്തിന്റെ തുടക്കം മുതൽ വ്യാപക പരാതികൾ ഉയർന്നിരുന്നു. മുണ്ടിയെരുമയിൽ ടാറിങ്ങിന് മുൻപായി റോഡിൽ ഒഴിക്കേണ്ട രാസവസ്തു ഉപയോഗിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ ടാറിങ് പൂർത്തിയായതിനു ശേഷം 72 മണിക്കൂറിനുള്ളിലാണ് റോഡ് ബലപ്പെടുന്നതെന്നും ഇതിനുള്ളിൽ വ്യാപകമായി റോഡ് പൊളിഞ്ഞതിന് പിന്നിൽ അന്വേഷണം നടത്തുമെന്നും അധികൃതർ പറയുന്നു. റോഡ് നാട്ടുകാർ ചേർന്ന് പൊളിച്ചതാണെന്ന് ആരോപിച്ച് നിർമാണ കമ്പനി നെടുങ്കണ്ടം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.